ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസ് അന്വേഷണത്തിനായി സി.ബി.ഐ നല്‍കുന്നതിനെ എതിര്‍ത്ത് ഇരയായ സ്ത്രീകള്‍ സുപ്രീം കോടതിയില്‍. സി.ബി.ഐക്ക് പകരം സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇരകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കേസ് അസമിലേക്ക് മാറ്റുന്നതിനോടും യോജിപ്പില്ലെന്നും ഇരകള്‍ അറിയിച്ചു. അതേസമയം, കേസ് അസമിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിചാരണ എവിടെ വേണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്നതിനോട് യോജിപ്പാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തത്. വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. മണിപ്പൂരില്‍ നടന്നത് ഹീന കുറ്റകൃത്യമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ ശുപാര്‍ശ നല്‍കിയെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം. ഇതിന് സുപ്രീംകോടതി അനുവാദം നല്‍കണമെന്നും കേന്ദ്രം ആവശ്യം ഉന്നയിച്ചിരുന്നു.