പ്രതിക്ക് വധശിക്ഷ കിട്ടണം, പൊലീസിനും സര്‍ക്കാരിനുമെതിരെ പരാതിയില്ല

പ്രതിക്ക് വധശിക്ഷ കിട്ടണം, പൊലീസിനും സര്‍ക്കാരിനുമെതിരെ പരാതിയില്ല

ആലുവ: മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയമുണ്ടെന്ന് ചാന്ദ്‌നിയുടെ അച്ഛന്‍. പ്രതിക്ക് വധശിക്ഷ കിട്ടണം എന്നാണ് ആഗ്രഹമെന്നും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെങ്കില്‍ അവരെ ഉടന്‍ പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിക്ക് മരണശിക്ഷ കിട്ടിയാലേ കേരളത്തിനും സന്തോഷമുണ്ടാകൂ. തന്റെ മകള്‍ ഇപ്പോള്‍ കേരളത്തിന്റെ മകള്‍ കൂടിയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെയോ പൊലീസിനെതിരെയോ പരാതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിലും പൊലീസിലും പൂര്‍ണ വിശ്വാസമുണ്ട്. തനിക്ക് ആരോടും പരാതിയില്ല. ഈ പ്രതിക്ക് ശിക്ഷ അടക്കം ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ പോകൂവെന്നും അച്ഛന്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തില്ലെന്ന വിമര്‍ശനത്തിനിടെ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. എന്തിനും സര്‍ക്കാരിനെയും പൊലീസിനെയും കുറ്റപ്പെടുത്തുന്ന സമീപനം പൊലീസിന്റെ ആത്മവീര്യം ഇല്ലാതാക്കാനേ ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയം രാഷ്ട്രീയ വത്കരിക്കരുത്. പ്രതിപക്ഷ നേതാവിന്റെയടക്കം വാദങ്ങള്‍ ബാലിശമാണ്. മന്ത്രിമാര്‍ സന്ദര്‍ശിച്ചില്ലെങ്കിലും കുടുംബത്തിന് വേണ്ടി എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ വീടിന്റെ പരിസരത്ത് എക്‌സൈസ് സംഘം പരിശോധന നടത്തുന്നുണ്ട്. എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഈ ക്യാമ്പുകളില്‍ മയക്കുമരുന്ന് അടക്കം ലഹരി ഉപയോഗം കണ്ടെത്താനാണ് പരിശോധന.

Share

Leave a Reply

Your email address will not be published. Required fields are marked *