തലശ്ശേരി: മുന്‍സിപ്പാല്‍ ടൗണ്‍ ഹാള്‍ നിറഞ്ഞ് കവിഞ്ഞ് റഫി ആരാധകരുടെ ആവേശത്തിരയില്‍, സംഗീത സംവിധായകന്‍ ശ്യാമിന്റെ നേതൃത്വത്തില്‍ ടാഗോര്‍ ദാസും (മംഗ്‌ളൂര്‍) അനുഗൃഹീത ഗായകരും അവതരിപ്പിച്ച റഫി നൈറ്റ് സംഗീത പ്രേമികളുടെ ഹൃദയതടങ്ങളില്‍ തേന്‍ മഴ പെയ്യിച്ചു. ഗന്ധര്‍വ്വ ഗായകന്റെ അനശ്വര ഗാനങ്ങള്‍ ഒന്നൊന്നായി ഒഴുകിയെത്തിയപ്പോള്‍, അക്ഷരാര്‍ത്ഥത്തില്‍ സംഗീതപ്രേമികള്‍ ആനന്ദമായി.
വലുപ്പചെറുപ്പമില്ലാതെ ഏതൊരാള്‍ക്കും ആസ്വദിക്കാനാവുന്ന ശബ്ദ ഗരിമയായിരുന്നു മുഹമ്മദ് റഫിയുടേതെന്ന് സംഗീത രാവ് ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ അഡ്വ: എ.എന്‍.ഷംസീര്‍ അഭിപ്രായപ്പെട്ടു. കാലമെത്ര കടന്ന് പോയാലും റഫിയുടെ ശബ്ദമാധുര്യം തലമുറകളെ തഴുകിയെത്തുമെന്നും, ആ ഗന്ധര്‍വ്വ ഗീതം ഇന്നും ജനഹൃദയങ്ങളെ കീഴടക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. റഫി ഫൗണ്ടേഷനാണ് എക്കോസ് ഓഫ് നൊസ്റ്റാള്‍ജിയ എന്ന ഗാനനിശ സംഘടിപ്പിച്ചത്.
ഡോ. മെഹ്റൂഫ് രാജ് മുഹമ്മദ് റഫിയെ അനുസ്മരിച്ച് സംസാരിച്ചു. ചടങ്ങില്‍ ഭവന നിര്‍മ്മാണ സഹായം സ്പീക്കര്‍ വിതരണം ചെയ്തു. കായിക പ്രതിഭ ബംഗ്ലാ ഇസാഖിനെയും, വ്യവസായ പ്രമുഖന്‍ ഹംസ മേലക്കണ്ടിയേയും, മഹബൂബ് പാച്ചന്‍, ടാഗോര്‍ ദാസ് എന്നിവരെ സ്പീക്കര്‍ ആദരിച്ചു. എഞ്ചിനീയര്‍ അബ്ദുള്‍ സലിം സ്വാഗതവും, നാസര്‍ ലേമിര്‍ നന്ദിയും പറഞ്ഞു.