തലശ്ശേരി: യാത്രക്കിടെ ബസ്സില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ജീവനക്കാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. തലശ്ശേരി -ഇരിട്ടി റൂട്ടിലോടുന്ന ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന ജോജോ എന്ന ചെറുപ്പക്കാരനാണ് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനുള്ളില്‍ കുഴഞ്ഞുവീണത്. അതേ ബസ്സില്‍ യാത്രക്കാരായിരുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ജീവനക്കാരായ സ്റ്റാഫ് നേഴ്‌സ് ശ്രുതി ലാലന്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ കെ.ആര്‍. അഞ്ചു എന്നിവര്‍ ഇടപെടുകയും പള്‍സ് റേറ്റ് വളരെ കുറവായത് കണ്ടപ്പോള്‍ ആവശ്യമായ പ്രഥമ ശുശ്രൂഷ ബസ്സില്‍ വച്ച് തന്നെ നല്‍കുകയുണ്ടായി. രോഗിയുടെ ഗൗരവാവസ്ഥ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ബസ് നേരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍എത്തിക്കുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭ്യമായതുകൊണ്ട് ഈ ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു.
ജീവനക്കാരുടെ സന്ദര്‍ഭോചിതമായ പ്രവര്‍ത്തനത്തില്‍ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ അഭിനന്ദന ചടങ്ങ് സംഘടിപ്പിച്ചു. തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ: സതീശന്‍ ബാലസുബ്രഹ്‌മണ്യം, ജീവനക്കാര്‍ക്ക് ഉപഹാരംനല്‍കി ആദരിച്ചു. ആശുപത്രി പ്രസിഡന്റ് കെ.പി സാജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കണ്ടോത്ത് ഗോപി, മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ പ്രദീപ് കുമാര്‍,ജനറല്‍ മാനേജര്‍ ബെന്നി ജോസഫ് എന്നിവര്‍ സംസാരിച്ചു.