ഉക്രെയ്ന്‍: സമാധാനശ്രമം തള്ളില്ലെന്ന് പുടിന്‍, ഡ്രോണ്‍ ആക്രമണത്തെതുടര്‍ന്ന് മോസ്‌കോ വിമാനത്താവളം അടച്ചു

ഉക്രെയ്ന്‍: സമാധാനശ്രമം തള്ളില്ലെന്ന് പുടിന്‍, ഡ്രോണ്‍ ആക്രമണത്തെതുടര്‍ന്ന് മോസ്‌കോ വിമാനത്താവളം അടച്ചു

മോസ്‌കോ: ഉക്രെയ്ന്‍ വിഷയത്തില്‍ സമാധാന ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ തള്ളില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടക്കുന്ന റഷ്യ- ആഫ്രിക്ക ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പുടിന്‍. സമാധാന ചര്‍ച്ചകള്‍ നടത്തണമെന്ന ആഫ്രിക്കയുടെയും ചൈനയുടെയും ആവശ്യത്തിലാണ് തീരുമാനമെന്നാണ് പുടിന്‍ പറയുന്നത്. ആഫ്രിക്കന്‍ നേതാക്കള്‍ സമര്‍പ്പിച്ച സമാധാന നിര്‍ദേശം പഠിക്കുകയാണെന്നും എന്നാല്‍ ചര്‍ച്ചയ്ക്ക് ഉക്രെയ്ന്‍ തയ്യാറാകുന്നില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുടിന്‍ ഉച്ചകോടിക്കിടെ പറഞ്ഞത്. ഉക്രെയ്ന്‍ സൈന്യം ആക്രമണം തുടരുന്നതിനിടെ വെടി നിര്‍ത്തല്‍ നടപ്പാക്കുക അസാധ്യമാണെന്നും പുടിന്‍ വ്യക്തമാക്കി.
ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും പ്രതിനിധികളും അടങ്ങുന്ന ആഫ്രിക്കന് സംഘം കഴിഞ്ഞ മാസം ഉക്രെയ്‌ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായും പുടിനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് റഷ്യ-ആഫ്രിക്ക ഉച്ചകോടി നടക്കുന്നത്. യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുകയും പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധങ്ങള്‍ നേരിടുകയും ചെയ്യുന്ന റഷ്യ, ആഫ്രിക്കയുടെ പിന്തുണ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഉച്ചകോടിക്ക് നേതൃത്വം നല്‍കുന്നതെന്നാണ് വിലയിരുത്തല്‍.
അതിനിടെ ഞായറാഴ്ച പുലര്‍ച്ചെ മോസ്‌കോയില്‍ മൂന്ന് ഉക്രെയ്ന്‍ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് പിന്നാലെ മോസ്‌കോയിലെ രാജ്യാന്തര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. ഡ്രോണുകളില്‍ ഒന്ന് നഗരത്തിന് പുറത്തുവച്ചും രണ്ടെണ്ണം നഗരത്തിന് അകത്ത് വച്ചും വെടിവച്ച് വീഴ്ത്തിയെന്നാണ് പ്രതിരോധ മന്ത്രാലയം പറയുന്നത്. നടന്നത് ഭീകരാക്രമണമാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.

Share

Leave a Reply

Your email address will not be published. Required fields are marked *