ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള നഗരാസൂത്രണം അശാസ്ത്രീയം

ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള നഗരാസൂത്രണം അശാസ്ത്രീയം

മാഹി: നഗരാസൂത്രണം അനിവാര്യമാണെന്നും, എന്നാല്‍ ജനങ്ങളെയാകെ ബുദ്ധിമുട്ടിച്ചുള്ള മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കാനാവില്ലെന്നും, ജനഹിതമാരാഞ്ഞു കൊണ്ടുള്ള വികസനത്തിന് മാത്രമേ ജന പിന്തുണ ലഭിക്കുകയുള്ളൂവെന്നും രമേശ് പറമ്പത്ത് എം.എല്‍.എ പറഞ്ഞു. മാഹി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ ഭൂവിനിയോഗ രേഖയെക്കുറിച്ചുള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2041 ലേക്കുള്ള മയ്യഴിയുടെ വികസന കാഴ്ചപ്പാടുകളെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായ സമന്വയത്തിന് വേണ്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ് രാജ് മീണ അദ്ധ്യക്ഷത വഹിച്ചു. പുതുച്ചേരി ചീഫ് ടൗണ്‍ പ്ലാനര്‍ കന്തര്‍ സെല്‍വം, പൊലീസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് എന്നിവര്‍ സംസാരിച്ചു. മെമ്പര്‍ സെക്രട്ടറി ബെര്‍ണാഡ്മാന്വല്‍ സ്വാഗതവും, കെ.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. 7600 വീടുകളും, 42000ത്തിലേറെ ജനങ്ങളുമുള്ള മയ്യഴിയില്‍ സ്ഥലപരിമിതി മൂലം വ്യവസായം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയവയ്ക്ക് പ്രത്യേകം സ്ഥലം കണ്ടെത്താനാവില്ലെന്നും, സമ്മിശ്ര ഭൂവിനിയോഗം മാത്രമാണ് പ്രായോഗികമെന്നും വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. റോഡ് വികസനം, ടൂറിസം വികസനം, കുടിവെള്ള സംഭരണം,
ബസ്സ് സ്റ്റാന്റ്, വിദ്യാഭ്യാസ മേഖലയില്‍ പുതിയ കോഴ്‌സുകള്‍, ആശുപത്രികളുടെ ആധുനീകവല്‍ക്കരണം എന്നിവ ചൂണ്ടിക്കാണിക്കപ്പെട്ടു.

കെ.മോഹനന്‍, (കോണ്‍: ഐ), ടി.കെ.ഗംഗാധരന്‍ (സി.പി.എം), ദിനേശന്‍ (ബി.ജെ.പി), ഇ.കെ.റഫീഖ് (ജനശബ്ദം മാഹി), എം.പി.ശിവദാസ് (മേഖലാതല റസിഡന്‍സ് അസോസിയേഷന്‍), മുന്‍ നഗരസഭാംഗങ്ങളായ പി.പി.വിനോദ്, പി.ടി.സി ശോഭ, പളളിയന്‍ പ്രമോദ് തുടങ്ങിയവര്‍ അഭിപ്രായ പ്രകടനം നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *