അനധികൃത ഇടപെടല്‍ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ നടത്തിയിട്ടില്ല, പരാതി പരിഹരിക്കാന്‍ ശ്രമിച്ചു: മന്ത്രി

അനധികൃത ഇടപെടല്‍ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ നടത്തിയിട്ടില്ല, പരാതി പരിഹരിക്കാന്‍ ശ്രമിച്ചു: മന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ നിയമവിരുദ്ധമായി യാതൊരു ഇടപെടലും താന്‍ നടത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. 67 പേരുടെ പട്ടികയാണ് പ്രിന്‍സിപ്പല്‍ നിയമന പട്ടികയിലേക്ക് ആദ്യം തയ്യാറാക്കിയത്. ആകെ 55 ഒഴിവുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍, സെലക്ഷന്‍ കമ്മിറ്റിയുടെ വിശകലനത്തില്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പട്ടിക 43 ആക്കി ചുരുക്കിയെന്നും അതിലുയര്‍ന്ന പരാതികള്‍ പരിഹരിക്കാനാണ് ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു.

’55 പേരുടെ ഒഴിവിലേക്ക് 67 പേരുടെ ലിസ്റ്റാണ് ആദ്യം തയ്യാറാക്കിയത്. 2019ലാണ് യു.ജി.സിയുടെ ചെയര്‍ ലിസ്റ്റ് വന്നത്. അതിന് മുന്‍പുള്ള പ്രസിദ്ധീകരണങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ പേരിലാണ് പട്ടികയില്‍ നിന്ന് പേരുകള്‍ തള്ളിപ്പോയത്. 43 പേരുടെ പട്ടികയാക്കി പ്രിന്‍സിപ്പല്‍ പട്ടിക ചുരുക്കി. ഒഴിവാക്കപ്പെട്ടവര്‍ പരാതിയുമായി രംഗത്ത് വന്നു. മന്ത്രിയെന്ന നിലയില്‍ തനിക്കും പരാതികള്‍ ലഭിച്ചു.

പരാതികള്‍ പരിഗണിച്ച് ലിസ്റ്റ് അന്തിമമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 43 പേരുടെ ലിസ്റ്റ് തള്ളാതെ കമ്മിറ്റിയെ നിയോഗിച്ച് പരാതി പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. നേരത്തെ തന്നെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസുകളുണ്ടായത് അടക്കം പരിഗണിച്ചും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് തീരുമാനം എടുക്കുക. അന്തിമ പട്ടിക തയ്യാറായിട്ടില്ല. പുതിയ ലിസ്റ്റ് താന്‍ കണ്ടിട്ട് പോലുമില്ല. ആ ലിസ്റ്റ് സര്‍ക്കാരിന്റെ മുന്നിലേക്ക് എത്തിയിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *