ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആറാം ദിവസവും പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും രണ്ടു മണി വരെ നിര്‍ത്തിവച്ചു. കറുത്ത വസ്ത്രമണിഞ്ഞാണ് ഇന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങള്‍ എത്തിയത്. മണിപ്പൂര്‍ വിഷത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണം എന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പ്ലക്കാര്‍ഡ് ഉയര്‍ത്തി എം.പിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ഇതിനെ സ്പീക്കര്‍ വിമര്‍ശിച്ചു. എന്നാല്‍ പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ മറുപടി പറയണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷ എംപിമാര്‍.
എല്ലാ നടപടികളും നിര്‍ത്തിവെച്ച് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിഷയത്തില്‍ ആഭ്യന്തര മന്ത്രി മറുപടി പറയും എന്ന നിലപാടില്‍ ബി.ജെ.പിയും ഉറച്ചു നില്‍ക്കുകയാണ്. അവസാന ആയുധം എന്ന നിലയില്‍ വിഷയത്തില്‍ അവിശ്വാസപ്രമേയവുമായി മുന്നോട്ട് പോകാം എന്ന തീരുമാനത്തിലാണ് പ്രതിപക്ഷം. അവിശ്വാസപ്രമേയത്തില്‍ പ്രധാനമന്ത്രിക്ക് സംസാരിക്കേണ്ടി വരും എന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍.
കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം ബുധനാഴ്ച നല്കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചിരുന്നു. അടുത്തയാഴ്ചയാണ് പ്രമേയത്തില്‍ ചര്‍ച്ച നടക്കുക. കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയിയും ബി.ആര്.എസ് എം.പി നമോ നാഗേശ്വര്‍ റാവുവുമാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. അവിശ്വാസ പ്രമേയ നോട്ടീസില്‍ അടുത്തയാഴ്ച ചര്‍ച്ചയ്ക്ക് തയ്യാറെന്നാണ് ബിജെപി സ്പീക്കറെ അറിയിച്ചിരിക്കുന്നത്.