ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ വനിതാ ഫുട്‌ബോള്‍ ടീമുകള്‍ക്ക് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ കേന്ദ്ര കായികമന്ത്രാലയം അനുമതി നല്‍കി. ചൈനയില്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനാണ് ടീമുകള്‍ക്ക് ചട്ടങ്ങളില്‍ ഇളവു നല്‍കിയിരിക്കുന്നത്.
ഏഷ്യന്‍ ഗെയിംസില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ വരുന്ന ഇനങ്ങളില്‍ മാത്രം ഗെയിംസില്‍ പങ്കെടുത്താല്‍ മതിയെന്നാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിലവിലെ മാനദണ്ഡം. ഇന്ത്യയുടെ പുരുഷ-വനിതാ ഫുട്ബാള്‍ ടീമുകളുടെ സ്ഥാനം ഇതില്‍ താഴെയാണ്. ഈ നിബന്ധനയിലാണ് ഇപ്പോള്‍ ഇളവ് നല്‍കിയത്.
നിലവിലെ മാനദണ്ഡമനുസരിച്ച് യോഗ്യത നേടാത്ത രണ്ട് ടീമുകളുടേയും പങ്കാളിത്തം സുഗമമാക്കുന്നതിന് ചട്ടങ്ങളില്‍ ഇളവുവരുത്താന്‍ തീരുമാനിച്ചുവെന്നും സമീപകാലത്തെ മികച്ച പ്രകടനം കണക്കിലെടുത്താണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത് എന്നും കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
ഗെയിംസില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രധാനമന്ത്രിക്കും കായിക മന്ത്രിക്കും കത്തെഴുതിയിരുന്നു.