ഭാരത് ഓര്‍ഗാനിക് & ഫെര്‍ട്ടിലൈസേഴ്‌സിനെതിരേ അനാവശ്യസമരം നടത്തുന്നെന്ന്

ഭാരത് ഓര്‍ഗാനിക് & ഫെര്‍ട്ടിലൈസേഴ്‌സിനെതിരേ അനാവശ്യസമരം നടത്തുന്നെന്ന്

കോഴിക്കോട്: പുതുപ്പാടി കൊട്ടാരക്കോത്ത് എല്ലാവിധ അംഗീകാരങ്ങളും ലഭിച്ച ഭാരത് ഓര്‍ഗാനിക് & ഫെര്‍ട്ടിലൈസേഴ്‌സ് എന്ന സ്ഥാപനത്തിനെതിരേ പ്രദേശവാസികളായ ചിലര്‍ അക്രമം നടത്തി, സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാരംഭിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് പാര്‍ട്ണര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 60 സെന്റ് സ്ഥലത്ത് അത്യാന്താധുനിക സംവിധാനമുപയോഗിച്ച് നിര്‍മ്മിച്ച പ്ലാന്റിനെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
പ്ലാന്റ് പ്രവര്‍ത്തനസജ്ജമായാല്‍ 15ഓളം പേര്‍ക്ക് സ്ഥിരം ജോലി ലഭിക്കും. കോഴിയറവ് മാലിന്യങ്ങള്‍ സംഭരിച്ച് സംസ്‌ക്കരിച്ച് കോഴിതീറ്റ നിര്‍മ്മാണത്തിനും മറ്റും നിര്‍മ്മാണത്തിനുമുതകുന്നതാണ് പ്രോജക്ട്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ വിഷയം ഉന്നയിച്ചപ്പോള്‍ ഈ സംരംഭത്തിന് പിന്തുണയാണ് അറിയിച്ചത്. എന്നാല്‍, പ്രാദേശികതലത്തിലുള്ള കുറച്ചാളുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പ്ലാന്റിനെതിരേ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. പഞ്ചായത്തും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളെല്ലാം പ്ലാന്റിന് പ്രവര്‍ത്തിക്കാനാവശ്യമായ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ഹൈക്കോടതി പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ സംരക്ഷണം നല്‍കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. വാഹനങ്ങള്‍ തകര്‍ക്കുക, ജീവനക്കാരെയും പാര്‍ട്ണര്‍മാരെയും ദേഹോപദ്രവം ഏല്‍പ്പിക്കുക എന്നിവയും ഇവര്‍ തുടരുകയാണ്. പോലിസ് അക്രമം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നവര്‍ ആരോപിച്ചു.
ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ മൂന്ന് മാസം പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോള്‍ വല്ല ബുദ്ധിമുട്ടും പൊതുജനങ്ങള്‍ക്കുണ്ടാവുകയാണെങ്കില്‍ പ്ലാന്റ് അടക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.  അതൊന്നും അംഗീകരിക്കാതെ പ്ലാന്റിന് തടസ്സം നില്‍ക്കുകയാണ്. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ മാനദണ്ഡപ്രകാരം 100 മീറ്റര്‍ ചുറ്റളവില്‍ വീടുകളുണ്ടാവരുതെന്നാണ്. ഇവിടെ 250 മീറ്റര്‍ ചുറ്റളവിലും വീടുകളില്ല.

പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോള്‍ കോഴിമാലിന്യം പുറത്തേക്ക് ഉപേക്ഷിക്കുകയോ അതിന്റെ സ്‌മെല്‍ പരിസരവാസികള്‍ക്ക് ഉണ്ടാവുകയോ ചെയ്യില്ല. മോഡേണ്‍ ടെക്‌നോളജിയാണ് പ്ലാന്റിലുപയോഗിച്ചിട്ടുള്ളത്. സംസ്ഥാനം വ്യവസായ നിക്ഷേപസൗഹൃദമാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ പ്രവാസികളായ തങ്ങള്‍ സ്വരുകൂട്ടിയ തുക ഉപയോഗിച്ച് സ്ഥാപിച്ച പ്ലാന്റിനെതിരേ നടക്കുന്നത് കടുത്ത ദ്രോഹമാണ്. ഇതേ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ പ്ലാന്റിനെതിരേ യാതൊരു സമരവും നടക്കുന്നില്ല.
ലോണെടുത്തും കടം വാങ്ങിയുമാണ് ഈ സംരംഭത്തിന് മുന്നിട്ടിറങ്ങിയത്. കോഴിക്കട മാലിന്യം നാട് നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കലാണ് ശരിയായ പ്രതിവിധി. ജില്ലയില്‍ ഇത്തരത്തില്‍ ഒരു പ്ലാന്റ് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. പ്രവര്‍ത്തിക്കാത്ത പ്ലാന്റിനെതിരേ എന്തിനാണ് സമരമെന്ന് മനസിലാകുന്നില്ല. പ്ലാന്റ് പ്രവര്‍ത്തിക്കുന്ന സമയത്ത് പ്രശ്‌നങ്ങളുണ്ടായാല്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലനില്‍ക്കേ ഇപ്പോള്‍ ചില വ്യക്തികളുടെ നേതൃത്വത്തില്‍ നടക്കുന്ന എതിര്‍പ്പ് ബന്ധപ്പെട്ടവര്‍ തിരുത്തിക്കാന്‍ തയ്യാറാവണം. പ്രവാസലോകത്ത് പോയി കഷ്ടപ്പെട്ട് അധ്വാനിച്ച് നാട്ടിലെത്തി ഒരു സംരംഭം ആരംഭിക്കുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് നാടിനെ തകര്‍ക്കാനേ ഉപകരിക്കൂ എന്നവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടര കോടിയോളം രൂപ ഇതിനകം ചിലവായിട്ടുണ്ട്. വാഹനത്തിനും കേടുപാടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ ഉന്നതനേതൃത്വവും പഞ്ചായത്ത് ഭരണസമിതിയും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രശ്‌നത്തിലിടപ്പെടണമെന്നവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മാനേജിംഗ് പാര്‍ട്ണര്‍ അബ്ദുസലാം കെ.സി, മുഹമ്മദ് കോയ കെ.പി, ഇര്‍ഷാദ് ടി.പി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *