കോഴിക്കോട്: കലാപങ്ങള്‍ സര്‍ക്കാര്‍ തന്നെ ആസൂത്രണം ചെയ്യുമ്പോള്‍ ഇന്ത്യ എന്ന സങ്കല്പത്തെ തിരിച്ചുപിടിക്കാന്‍ അവനവനാല്‍ കഴിയുന്നത് ചെയ്യേണ്ടിയിരിക്കുന്നുവെന്ന് പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തക ഡോ. ഖദീജ മുംതാസ്. മണിപ്പൂരിനായി ഒന്നിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഡി.ഡി.ഇ ഓഫീസ് പരിസരത്ത് നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മണിപ്പൂര്‍ കലാപം മുന്‍കൂട്ടിയുള്ള തിരക്കഥയുടെ ഭാഗമായിരുന്നു. ജൂണ്‍ ആറിന് കലാപം ആരംഭിക്കാനായിരുന്നു അണിയറയില്‍ നീക്കങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ അത് പിന്നീട് മെയ് മൂന്നിനു തന്നെയാക്കുകയായിരുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്ക് ഒരു സംസ്ഥാന സര്‍ക്കാര്‍ തന്നെ പിന്തുണ നല്‍കുന്നു. ഈ കത്രൂരതയ്ക്കാണ് ഇന്ന് മണിപ്പൂര്‍ സാക്ഷ്യം വഹിക്കുന്നത്. നഗ്‌നതയെ പ്രതിരോധമായി എടുത്തവരാണ് മണിപ്പൂരിലെ സ്ത്രീകള്‍. മണിപ്പൂരില്‍ കുക്കികളും മെയ്തികളും ഇരകള്‍ മാത്രമാണ്. മുഖ്യമന്ത്രിക്കുനേരെ വിമര്‍ശനം ഉന്നയിക്കുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കൊല്ലുന്നു. സ്വാതന്ത്ര്യസമരത്തിന് സമാനമായ മുന്നേറ്റമാണ് ഇന്ന് രാജ്യത്തിന് ആവശ്യം. ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കാനും രാജ്യത്തെ തിരിച്ചുപിടിക്കാനും പോരാട്ടം അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.