മണിപ്പൂരില്‍ അരങ്ങേറുന്നത് ഗുജറാത്തില്‍ നടന്നതിന് സമാനമായ കലാപം: ആനി രാജ

മണിപ്പൂരില്‍ അരങ്ങേറുന്നത് ഗുജറാത്തില്‍ നടന്നതിന് സമാനമായ കലാപം: ആനി രാജ

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മണിപ്പൂര്‍ കലാപത്തിന്റെ കൂട്ടുപ്രതികള്‍

കോഴിക്കോട്: മണിപ്പൂരില്‍ അരങ്ങേറുന്നത് ഗുജറാത്തില്‍ നടന്നതിന് സമാനമായ കലാപമാണെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ. മണിപ്പൂരിനായി ഒന്നിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ നേതൃത്വത്തില്‍ കോഴിക്കോട് ഡി.ഡി.ഇ ഓഫിസ് പരിസരത്ത് നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മണിപ്പൂര്‍ കലാപത്തിന്റെ കൂട്ടുപ്രതികളാണ്. മണിപ്പൂരിലേത് സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ്. മണിപ്പൂര്‍ കലാപം ഒറ്റപ്പെട്ട സംഭവമല്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊതുസ്ഥിതിയാണ്. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലെയും ദുരവസ്ഥകളുടെ തുടര്‍ച്ചയാണ് മണിപ്പൂരില്‍ നടക്കുന്നത്. കലാപത്തിന്റെ ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണം. മതസൗഹാര്‍ദ്ദം തകര്‍ക്കുവാനും ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ കലാപം അഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിച്ച് ഭരണം ഉറപ്പിക്കുകയുമാണ് ബി.ജെ.പിയുടെ ലക്ഷ്യം.
ഗുജറാത്തിലേതുപോലെ മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാരും കലാപത്തീയില്‍ എണ്ണ പകരുകയാണ്. കേന്ദ്രഭരണം കൈയ്യാളുന്ന നരേന്ദ്ര മോഡി കലാപകാരികള്‍ക്ക് മൗനാനുവാദം നല്‍കുന്നു. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും കലാപം ആളിക്കത്തിച്ച് രാഷ്ട്രീയമുതലെടുപ്പിനാണ് സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഭരണകൂടങ്ങളുടെ നീക്കം.

ഗോത്രവിഭാഗങ്ങളെ അവരുടെ ആവാസ സ്ഥലങ്ങളില്‍ നിന്നും ആട്ടിയകറ്റി വനഭൂമി കൈയ്യേറുക എന്ന തന്ത്രമാണ് മെനയുന്നത്. ഇവിടേയും ഭൂമിയുടെ രാഷ്ട്രീയമാണ് കലാപത്തിലേക്ക് എത്തിച്ചത്. വനമേഖല കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നതിനായാണ് വനസംരക്ഷണ നിയമത്തിലൂടെ പോലും പരിശ്രമിക്കുന്നത്. ഗോത്രവിഭാഗത്തെ ലക്ഷ്യം വച്ചുകൊണ്ട് സര്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ നടപ്പാക്കുന്നു. ഇതിനെതിരേ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുകയാണ്. സംസ്ഥാനത്തെ ജനങ്ങളില്‍ മെയ്തി വിഭാഗത്തിന് ആയുധങ്ങളും പിന്തുണയും നല്‍കി കുക്കി വിഭാഗക്കാരെ അടിച്ചമര്‍ത്താന്‍ അയയ്ക്കുന്നു. എന്നാല്‍ ഈ വിഭാഗങ്ങളിലെ വലിയ വിഭാഗം ജനങ്ങളും ഇതിനെതിരാണ്. ഇരുവിഭാഗങ്ങളിലേയും സ്ത്രീകള്‍ കലാപത്തെ അപലപിക്കുകയാണ്. അവിടം സന്ദര്‍ശിച്ച മഹിളാ ഫെഡറേഷന്‍ അംഗങ്ങളായ തങ്ങള്‍ക്കുമുന്നില്‍ അവര്‍ ഇക്കാര്യം തുറന്നു പറയുകയുണ്ടായി. രാജ്യത്തിന്റെ സംസ്‌കാരത്തെപ്പോലും ചവിട്ടിമെതിക്കുന്ന കാടന്‍ നിലപാടുകളാണ് അവിടെ നടക്കുന്നത്. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളെപ്പോലും നിസ്സംഗതയോടെ കാണുന്ന കേന്ദ്ര ഭരണകൂടം ലോകത്ത് മറ്റൊരിടത്തുമുണ്ടാകില്ല.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഗുണമെല്ലാം മെയ്തി മേഖലയ്ക്ക് മാത്രമാക്കിയപ്പോള്‍ കുക്കി മേഖലയിലെ കാര്യങ്ങള്‍ ഏറെ ദുഷ്‌കരമായി. മണിപ്പൂര്‍ മുഖ്യമന്ത്രിയാണ് കലാപത്തിന്റെ സൂത്രധാരനെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് തുറന്നു പറയുന്ന ഗ്രാമീണരെ പീഡിപ്പിച്ച് ഇല്ലാതാക്കുകയാണ്. ഭയമാണ് ആ നാടിനെ ഇന്ന് ഗ്രസിച്ചിരിക്കുന്നത്. കലാപം നടന്ന സ്ഥലങ്ങളില്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ പോലും നാമമാത്രമാണ്. മണിപ്പൂര്‍ കലാപത്തിന്റെ അലയോലികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. മണിപ്പൂരിന് ഇന്ന് വേണ്ടത് സമാധാനമാണ്. അത് കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്രത്തിന്റെയും മണിപ്പൂര്‍ സര്‍ക്കാരിന്റെയും ഫാസിസ്റ്റ് ഭരണത്തിനെതിരെ രാജ്യമെങ്ങും ഒത്തൊരുമിച്ച പോരാട്ടം ഉയര്‍ന്നുവരണമെന്നും അതിലൂടെ ഇന്ത്യയെ തിരിച്ചു പിടിക്കണമെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.

ഐക്യദാര്‍ഢ്യ സദസ്സില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി, പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമായ പി.കെ ഗോപി, ഡോ. ഖദീജ മുംതാസ്, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.വി ബാലന്‍, അഡ്വ. പി. വസന്തം, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ രാജന്‍ മാസ്റ്റര്‍, ജില്ലാ അസി. സെക്രട്ടറി പി.കെ നാസര്‍, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി ബിനൂപ്, എ.ഐ.എസ്.എഫ് സംസ്ഥാന ജോ. സെക്രട്ടറി സി.കെ ബിജിത്ത് ലാല്‍ എന്നിവര്‍ സംസാരിച്ചു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. പി. ഗവാസ് സ്വാഗതവും പി. അസീസ് ബാബു നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *