സോപ്പ് വ്യാപാരികൾ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തും

കോഴിക്കോട്: അസംസ്‌കൃത സാധനങ്ങളുടെ വില വർദ്ധനവ് മൂലം സോപ്പ് വ്യവസായ മേഖല അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ജനുവരി 1 മുതൽ ഉൽപ്പന്നങ്ങൾക്ക് 15% വില വർദ്ധിപ്പിക്കുമെന്നും കേരള സോപ്പ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (കെസ്മ) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് കാസ്റ്റിക് സോഡയുടെ വില 30%മാണ് വർദ്ധിപ്പിച്ചത്. ചുരുങ്ങിയ ചെലവിൽ കാസ്റ്റിക് സോഡ നിർമ്മിക്കാമെന്നിരിക്കെ സാപ്പ് വ്യാപരികളെ അമിത വില ഈടാക്കി കൊള്ളയടിക്കുകയാണെന്നവർ കുറ്റപ്പെടുത്തി. സോപ്പ് നിർമ്മാണത്തിനുള്ള റോ മെറ്റീരിയൽ സിഡ്‌കോ വഴി സബ്‌സിഡി നിരക്കിൽ സർക്കാർ വിതരണം ചെയ്യുക, ആവശ്യ വിഭാഗത്തിലുൾപ്പെടുത്തി ജി.എസ്.ടി നിരക്ക് കുറയ്ക്കുക, 10 കോടിയിലധികം വിറ്റുവരവുള്ള കമ്പനികളും അതിനുതാഴെ മറ്റൊരു വിഭാഗവുമായി സ്ലാബ് സമ്പ്രദായം ഏർപ്പെടുത്തുക, തദ്ദേശീയ ഉൽപ്പന്ന പ്രോത്സാഹനത്തിന്റെ ഭാഗമായി സപ്ലൈകോ അടക്കമുള്ള എല്ലാ ഷോപ്പുകളിലും നിശ്ചിത ശതമാനം ഉൽപ്പന്നങ്ങൾ വെക്കാൻ സർക്കാർ ഉത്തരവിറക്കുക, സപ്ലൈകോ പേയ്‌മെന്റുകളിലെ കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി മാസത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തും. പ്രസിഡണ്ട് അബ്ദുൽസമദ് വൈറ്റ്‌ലൈൻസ്, ജനറൽ സെക്രട്ടറി സുനിൽ കുമാർ ചിറ്റടി, ട്രഷറർ സജി എബ്രഹാം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *