പൂമരച്ചോട്ടില്‍ ആദരവോടെ അവര്‍ ഒത്തുചേര്‍ന്നു

പൂമരച്ചോട്ടില്‍ ആദരവോടെ അവര്‍ ഒത്തുചേര്‍ന്നു

മാഹി: അന്തരിച്ച കലാഗ്രാമം സ്ഥാപകനും, കലാ-സാംസ്‌ക്കാരിക മേഖലയിലെ പൂമരവുമായിരുന്ന എ.പി.കുഞ്ഞിക്കണ്ണന്റെ അനശ്വര സ്മരണകളില്‍ അവര്‍ ഒത്തുചേര്‍ന്നു. വികാരനിര്‍ഭരമായ വാക്കുകളില്‍ എ.പി.കുഞ്ഞിക്കണ്ണനെക്കുറിച്ച് ആത്മമിത്രം പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന്‍ അനുസ്മരണഭാഷണം നടത്തിയപ്പോള്‍, അത് സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ വാങ്മയ ചിത്രമായി പരിണമിച്ചു.

എ.പി.യെപ്പോലുള്ളവരാണ് ഭൂമിയുടെ ഉപ്പെന്നും, പഴയ ബന്ധങ്ങളെ ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച വലിയ മനസ്സിനുടമയായിരുന്നു അദ്ദേഹമെന്നും ടി.പത്മനാഭന്‍ പറഞ്ഞു. ബെന്‍സ് ഉടമയായപ്പോഴും പഴയ അമ്പാസഡര്‍ കാര്‍ ഉപയോഗിച്ചിരുന്ന അദ്ദേഹം, ശ്വാസകോശ രോഗിയായിരുന്നിട്ടും ദീര്‍ഘകാലം കാശ്മീര്‍ ലോഡ്ജില്‍ പൊടിയില്‍ കുളിച്ച മുറിയില്‍ തന്റെ ആദ്യകാല ജീവനക്കാര്‍ക്കൊപ്പം കഴിഞ്ഞ കോടീശ്വരനായ ഈ വ്യവസായ പ്രമുഖന് ഒപ്പമുള്ളവരെ ഒരിക്കലും മറക്കാനാകുമായിരുന്നില്ല. പാരമ്പര്യത്തിന്റെ പിന്‍ബലമില്ലെങ്കിലും, അസാമാന്യമായ ഇച്ഛാശക്തിയും കഠിനാദ്ധ്വാനവും കൊണ്ടാണ് എ.പി.കുഞ്ഞിക്കണ്ണന്‍ നാടും മനസ്സും കീഴ്‌പ്പെടുത്തിയതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ അഡ്വ.എ.എന്‍.ഷംസീര്‍ അഭിപ്രായപ്പെട്ടു.

ന്യൂ മാഹി പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സെയ്ത്തൂന്‍ അദ്ധ്യക്ഷത വഹിച്ചു. ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ, കഥാകൃത്ത് പി.കെ.പാറക്കടവ്, ശാലിനി എം. ദേവന്‍ എന്നിവര്‍ സംസാരിച്ചു. എം.ഹരീന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും, ചാലക്കര പുരുഷു നന്ദിയും പറഞ്ഞു. മലയാള കലാഗ്രാമം, ന്യൂ മാഹി, ചൊക്ലി ഗ്രാമപഞ്ചായത്തുകള്‍ വിവിധ സാംസ്‌ക്കാരിക സംഘടനകള്‍ എന്നിവ സംയുക്തമായാണ് അനുസ്മരണ ചടങ്ങ് ഒരുക്കിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *