കോഴിക്കോട്: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈവേ ഡിലൈറ്റ്, വാഹനരക്ഷ ക്യു.ആര്‍ സ്റ്റിക്കര്‍ പുറത്തിറക്കിയതായി സ്റ്റേറ്റ് മാനേജര്‍ ഇന്‍സമാം നൗഫല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാഹനങ്ങളില്‍ അടിയന്തരാവശ്യങ്ങളില്‍ ഉപയോഗിക്കേണ്ട ഈ ക്യു.ആര്‍ സ്റ്റിക്കര്‍ പതിപ്പിച്ചാല്‍ അപകടഘട്ടത്തിലടക്കം മറ്റൊരു വ്യക്തിക്ക് തന്റെ മൊബൈല്‍ ക്യാമറ അല്ലെങ്കില്‍ ക്യു.ആര്‍ സ്‌കാന്‍ ഉപയോഗിച്ച് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ സാധിക്കും.
പാര്‍ക്കിങ് സ്ഥലത്ത് വാഹനം കുടുങ്ങിയാലും ഇതിലൂടെ തടസ്സമായി നില്‍ക്കുന്ന വാഹനത്തിന്റെ ഉടമയെ വിവരമറിയിക്കാന്‍ സാധിക്കും. വിളിക്കുന്ന വ്യക്തിയുടെയോ ഫോണെടുക്കുന്ന വ്യക്തിയുടെയോ നമ്പര്‍ പ്രത്യക്ഷപ്പെടാത്തതിനാല്‍ പൂര്‍ണമായി സ്വകാര്യത സംരക്ഷിക്കാനും സാധിക്കും. ഇന്ധന ചോര്‍ച്ച, ശ്രദ്ധിക്കപ്പെടാതെ പോകുന്ന സാഹചര്യങ്ങളിലും രക്ഷ ക്യു.ആര്‍ കോഡ് പ്രയോജനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഇന്‍സമാം നൗഫല്‍ , രാജേഷ് ഗോപാല്‍, സഹലാജ് പി.കെ എന്നിവര്‍ പങ്കെടുത്തു.