മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു

മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു

തലശ്ശേരി: കനത്ത മഴയിലും കാറ്റിലും വീടിന്റെ പിന്‍ഭാഗത്ത് കുന്നിടിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു. കൊമ്മല്‍ വയല്‍ മണപ്പുള്ളിക്കാവ് ശ്രീ ദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ മാനസ നിവാസില്‍ പാറക്കണ്ടി രമേശന്റെ വീടിന്റെ മുകളിലാണ് ഇന്നലെ രാത്രിയോട കുന്നിടിഞ്ഞ് വീണത്. രമേശന്‍ മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭാര്യ രജനി മകളുടെ വീട്ടിലായിരുന്നു. അടുക്കള ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു ഗൃഹോപകരണങ്ങളും നശിച്ചു. ചുമരുകള്‍ക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. കുന്നിന്റെ മണ്ണ് നീക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് രമേശന്‍ പറഞ്ഞു. തല്‍ക്കാലം മാറി താമസിക്കാന്‍ പോലീസ് പറഞ്ഞു.

വീടിന് മുകളില്‍ വീണ മണ്ണ് നീക്കം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. ന്യൂ മാഹി എസ്.ഐ.പി സി. രവിന്ദ്രന്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സമീപത്തെ മണപ്പുള്ളി ക്ഷേത്രത്തിന്റെ ഓഫിസിന് മുകളിലും മരത്തിന്റെ ശിഖരങ്ങള്‍ പൊട്ടിവീണ് മുകളില്‍ പാകിയ ഷീറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പാറാല്‍ പുന്നോല്‍ റോഡ് കിണറിന് സമീപത്തെ കൂറ്റന്‍ തണല്‍മരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകളും ചാനല്‍ കേബിളുകളും തകര്‍ന്നു. രണ്ട് വൈദ്യുതി പോസ്റ്റുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. തലശ്ശേരി അഗ്നിശമന സേനയും പോലീസും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് റോഡിന് കുറുകെ വീണ മരങ്ങള്‍ മുറിച്ച് മാറ്റിയത്. ഈ ഭാഗങ്ങളിലെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *