ചെന്നൈ: തമിഴ്നാട്ടിലെ കോടതികളില്‍ അംബേദ്കറുടെ ചിത്രം സ്ഥാപിക്കണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. കോടതി വളപ്പില്‍ മഹാത്മാഗാന്ധിയുടെയും തിരുവള്ളുവരുടെയും ഛായാചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന് സംസ്ഥാനത്തെ എല്ലാ കോടതികള്‍ക്കും മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്കി. ഇതുസംബന്ധിച്ച് മദ്രാസ് ഹൈക്കോടതി രജിസ്ട്രാര്‍ എല്ലാ ജില്ലാ കോടതികള്‍ക്കും സര്‍ക്കുലര്‍ അയയ്ച്ചു. കോടതികളില്‍ അംബേദ്കറുടെയും മറ്റ് ചില മുതിര്‍ന്ന അഭിഭാഷകരുടെയും ചിത്രങ്ങള്‍ വയ്ക്കാന്‍ അനുമതി തേടിക്കൊണ്ട് നിരവധി അഭിഭാഷക സംഘടനകള്‍ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
എല്ലാ ജില്ലാ കോടതികള്‍ക്കും അയച്ച സര്‍ക്കുലറില്‍, പുതുതായി നിര്‍മിച്ച സംയുക്ത കോടതി സമുച്ചയത്തിന്റെ പ്രവേശന ഹാളില്‍ നിന്ന് ബി.ആര് അംബേദ്കറുടെ ഛായാചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ ഏഴിലെ സര്‍ക്കുലറില്‍, ഹൈക്കോടതിയുടെ ഫുള്‍ കോടതി ഇക്കാര്യത്തില്‍ ഒന്നിലധികം തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും മദ്രാസ് ഹൈക്കോടതി ആവര്‍ത്തിച്ചു. ജില്ലാ കോടതികള്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കണമെന്നും എന്തെങ്കിലും വ്യതിചലനമുണ്ടായാല്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ഫുള്‍ കോടതി യോഗം പാസാക്കിയ വിവിധ പ്രമേയങ്ങള്‍ പട്ടികപ്പെടുത്തിയ സര്‍ക്കുലറില്‍, ദേശീയ നേതാക്കളുടെ പ്രതിമകള്‍ക്ക് കേടുപാടുകള്‍ വരുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, ഇത് വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷത്തിനും ക്രമസമാധാന നിലതകരാനും കാരണമായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ കോടതി പരിസരത്ത് ഇനി കൂടുതല്‍ പ്രതിമകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി തീരുമാനിച്ചു. കോടതിയില്‍ ഗാന്ധിജിയുടെയും തിരുവള്ളുവരുടെയും പ്രതിമയും ചിത്രവും മതിയെന്ന് നേരത്തേ തീരുമാനിച്ചിട്ടുള്ളതാണെന്നും ഏപ്രില്‍ ഒന്നിന് ചേര്‍ന്ന് ഹൈക്കോടതി ഫുള്‍കോര്‍ട്ട് ഈ തീരുമാനം ശരിവയ്ക്കുകയും ചെയ്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അംബേദ്കറുടെ ചിത്രം വയ്ക്കാന്‍ അനുവദിക്കണമെന്ന് അഭിഭാഷക സംഘടനകള്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇക്കാര്യം വീണ്ടുംചര്‍ച്ച ചെയ്തതെന്നും പഴയ തീരുമാനത്തില്‍ മാറ്റമില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.