ഇംഫാല്‍: മണിപ്പുരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുമ്ലെംബാം നുങ്സിതോയി എന്ന 19-കാരനാണ് പിടിയിലായത്. ഇതോടെ കേസില്‍ അഞ്ച് പേര് അറസ്റ്റിലായി. വ്യാഴാഴ്ച അറസ്റ്റിലായ നാലുപേരെ വെള്ളിയാഴ്ച 11 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
അതേസമയം, അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് ജനങ്ങളോട് മണിപ്പുര്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. വ്യാജവീഡിയോകളുടെ പ്രചാരണം തടയുക, ആധികാരികത ഉറപ്പാക്കുക എന്നിവയുടെ ഭാഗമായി 9233522822 എന്നൊരു rumour free ഹെല്പ് ലൈന്‍ നമ്പറും സജ്ജമാക്കിയിട്ടുണ്ട്. തട്ടിയെടുത്ത തോക്കുകള്‍, ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍ തുടങ്ങിയവ പോലീസിനെയോ സുരക്ഷാസേനയെയോ തിരിച്ചേല്പിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ശനിയാഴ്ച ഇംഫാലില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഘരി മേഖലയില്‍ പ്രതിഷേധക്കാരായ വനിതകള്‍ പ്രധാനപാത തടഞ്ഞു. പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിച്ചു. ഇതേ തുടര്‍ന്ന് മണിപ്പുര്‍ പോലീസ്, സൈനികര്‍, റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന് തുടങ്ങിയവര്‍ സ്ഥലത്തെത്തി. പ്രതിഷേധം അടിച്ചമര്‍ത്തി.