കോഴിക്കോട്: ലോട്ടറി മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് രണ്ടിന് ലോട്ടറി ബന്ദ് നടത്തുമെന്ന് ഓള് കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ഫിലപ്പ് ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോട്ടറി മേഖല ഇന്ന് പ്രതിസന്ധിയിലാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയാണ് പ്രതിസന്ധിയുടെ പ്രധാനകാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്ന് ലക്ഷം തൊഴിലാളികളാണ് ലോട്ടറി മേഖലയില്‍ തൊഴിലെടുക്കുന്നത്. ബംബര്‍ ടിക്കറ്റ് ഒഴികെ ബാക്കിയെല്ലാ ടിക്കറ്റുകളുടെയും വില 40 രൂപയാക്കണം. ലോട്ടറി ഡിപ്പാര്‍ട്ട്മെന്റിലെ ചില ഉദ്യോഗസ്ഥരുടെ നടപടികളാണ് പ്രതിസന്ധിക്ക് കാരണം.
ടിക്കറ്റ് വില കൂട്ടി, എണ്ണം കുറച്ച് കച്ചവടമുണ്ടാക്കണമെന്ന കാഴ്ചപ്പാടാണ്അവര് വച്ചുപുലര്‍ത്തുന്നത്. ലോട്ടറി സമ്മാനങ്ങള്‍ വര്‍ധിപ്പിക്കുക, 10,000 രൂപക്ക് മുകളിലുള്ള സമ്മാനങ്ങള്‍ക്ക് ടാക്സ് പിടിക്കാനുള്ള സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക, ടിക്കറ്റിന്റെ ജി.എസ്.ടി 28 ശതമാനത്തില്‍ നിന്ന് 12 ശതമാനം കുറയ്ക്കുക, തൊഴിലാളികള്‍ക്ക് 10,000 രൂപ ഓണത്തിന് ബോണസ് നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നതായും സര്‍ക്കാരിന് പ്രതിവര്‍ഷം 3000 കോടി വരുമാനമുണ്ടാക്കുന്ന മേഖല തകര്‍ക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ഫിലിപ്പ് ജോസഫ്, ജില്ലാ പ്രസിഡന്റ് എം.സി തോമസ്, സംസ്ഥാന ഭാരവാഹികളായ കെ. ഉണ്ണികൃഷ്ണന്, രഞ്ജിത്ത് കണ്ണോത്ത്, റസാക്ക് പെരുമണ്ണ എന്നിവര്‍ പങ്കെടുത്തു.