തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസിലെ ഏകപ്രതി സന്ദീപിനെതിരേ കൊലപാതകക്കുറ്റം ചുമത്തുകയും സംഭവദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. എല്ലാ ശാസ്ത്രീയതയോടെയും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണം യഥാസമയം പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
അന്വേഷണം ശരിയായ ദിശയിലല്ലെന്ന് വന്ദനയുടെ അച്ഛന് അഭിപ്രായമില്ല. അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ മതിയായ കാരണങ്ങളില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു. എതിര്‍ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. മകളുടെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ കെ.ജി മോഹന്‍ദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോലിസ് ഉത്തരവാദിത്തത്തില്‍ നിന്ന് കൈ കഴുകുന്നുവെന്നും ശരിയായ അന്വേഷണത്തില്‍ പോലിസിന് താല്‍പര്യമില്ലെന്നുമാണ് ഹര്‍ജിയിലെ ആരോപണം. അന്വേഷണത്തില്‍ പോലിസിന് ഉദാസീനതയുണ്ടെന്നും സി.ബി.ഐ അന്വേഷണം അനിവാര്യമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി.