ചാലക്കര പുരുഷു
മാഹി: തിരക്കേറിയ ദേശീയപാതയില്‍ ശാപമായി മാഹിപ്പാലം. ഇടതടവില്ലാതെ ഭാരവാഹനങ്ങളടക്കമുള്ള വാഹനങ്ങള്‍ തുടര്‍ച്ചയായി തിങ്ങി നിരങ്ങി നീങ്ങുന്നതിനാല്‍ കാലപ്പഴക്കം ചെന്ന പാലം കുലുങ്ങുകയാണ്. പാലത്തിലുള്ള വാരിക്കുഴികളിലൂടെ പാലം കടന്നുകിട്ടാന്‍ ഏറ്റവും കുറഞ്ഞത് 15 മിനുറ്റെങ്കിലും വേണ്ടിവരും. ഒരു വിധം മയ്യഴിയിലെത്തിയാല്‍ പിന്നെ ഊരാക്കുടുക്കുമായി.
ഇടുങ്ങിയ ദേശീയപാതയിലുള്ള ആറ് പെട്രോള്‍ പമ്പുകളില്‍ നിന്നും. വിലക്കുറവിന്റെ ആനുകൂല്യം നേടാന്‍ വലിയ വാഹനങ്ങള്‍ റോഡിലുടനീളം പമ്പിന് മുന്നില്‍ ക്യൂവായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍, മാഹിയിലെ ഒരു കി.മി റോഡ് താണ്ടാന്‍ അര മണിക്കൂറെങ്കിലും റോഡിലൂടെ ഇഴയണം.
കണ്ണൂര്‍ – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ മയ്യഴിപ്പുഴയ്ക്ക് കുറുകെയുള്ള പാലം അപകടാവസ്ഥയിലായിട്ട് നാളുകളേറെയായി. മാഹിയില്‍ നിന്ന് പാലത്തില്‍ കടക്കുന്ന ഭാഗവും മദ്ധ്യഭാഗം വരെയുള്ള മൂന്ന് എക്‌സ്പന്‍ഷന്‍ ജോയിന്റുകളും പൊളിഞ്ഞ് കിടക്കുകയാണ്. ഇടതടവില്ലാതെ ഭാരവാഹനങ്ങളടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലമാണ് അപകടാവസ്ഥയിലുള്ളത്.
ഏതാനും വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച്, ഒരു മാസക്കാലം പാലം അടച്ചിട്ട് അറ്റകുറ്റപ്പണികള്‍ നടത്തുകയും, ബലപ്പെടുത്തുകയും ചെയ്തിരുന്നു. തകര്‍ന്ന സ്ലാബുകള്‍ക്ക് പകരമിട്ട സ്ലാബുകളാണ്. എന്നാല്‍ അവ ഇപ്പോള്‍ വീണ്ടും പൊട്ടി പൊളിഞ്ഞ അവസ്ഥയിലായണ്.
വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലം വല്ലാതെ കുലുങ്ങുകയാണ്. 1934ല്‍ ഫ്രഞ്ച് ഭരണകൂടമാണ് പാലം നിര്‍മ്മിച്ചത്. അന്നുണ്ടാക്കിയ തൂണുകളില്‍ തന്നെയാണ് ഇപ്പോഴും പാലം നില്‍ക്കുന്നത്. 1972ല്‍ പാലത്തിന്റെ തൂണുകള്‍ നിലനിര്‍ത്തി, മേല്‍ഭാഗം പൂര്‍ണ്ണമായി പൊളിച്ച് മാറ്റുകയും, പുനര്‍നിര്‍മ്മിക്കുകയുമായിരുന്നു.
ദശകങ്ങള്‍ക്ക് ശേഷം വാഹനങ്ങളുടെ ആധിക്യം മൂലം പാലത്തിന്റെ അടിഭാഗത്തെ സിമന്റ് പാളികള്‍ തകര്‍ന്നു വീഴുകയും, ഉപരിതലത്തില്‍ പൊളിയുകയും ചെയ്തപ്പോള്‍, റിപ്പയര്‍ ചെയ്യുകയായിരുന്നു. കൈവരികളുടെ ഭാരം കുറച്ച്, പാലത്തിന്റെ ഉപരിതലത്തിലും അടിഭാഗത്തും ആധുനിക സംവിധാനമുപയോഗിച്ച് ബലപ്പെടുത്തുകയും ചെയ്തു. ദശകങ്ങള്‍ ഏറേ കഴിഞ്ഞിട്ടും തൂണുകള്‍ക്ക് ഇപ്പോഴും ബലക്ഷയമുണ്ടായിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദേശീയപാത അതോറിറ്റിക്കാണ് പാലത്തിന്റെ ചുമതല.
പുതിയ തലശ്ശേരി – മാഹി ബൈപാസിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിയിരിക്കെ, രണ്ടര കി.മീ. അകലെ മയ്യഴിപ്പുഴയില്‍ പുതിയ പാലം നിര്‍മ്മാണത്തിന്റെ പണി പൂര്‍ത്തിയായി. ഇത്തരമൊരു സാഹചര്യത്തില്‍ പഴയ പാലത്തിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ എന്‍.എച്ച് അധികൃതര്‍ വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ല. ബൈപാസ്സ് തുറന്നാല്‍ ചെറുകിട വാഹനങ്ങള്‍ മാത്രമേ പിന്നീട് മാഹി ടൗണ്‍ വഴി കടന്നു പോവുകയുള്ളുവെന്നാണ് ഇവരുടെ വാദം.