ഇംഫാല്‍: മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. ഹിരാദാസ് (32) എന്നയാളാണ് തൗബലില്‍ നിന്ന് പിടിയിലായത്. രണ്ടര മാസം മുന്‍പ് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അക്രമികളെ പിടികൂടാന്‍ പോലിസ് ഏഴ് സംഘങ്ങളെ നിയോഗിച്ചിരുന്നു. വൈറലായ വീഡിയോയുടെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തു എന്ന് മണിപ്പൂര്‍ പോലിസ് അറിയിച്ചു.
സംഭവത്തില്‍ കുറ്റക്കാരായ എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് ഉറപ്പുനല്‍കി. സംഭവത്തില്‍ സമഗ്ര അന്വേഷണം നടക്കുമെന്നും കര്‍ശന നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നും പറഞ്ഞു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്‍പ് മാധ്യമങ്ങളോടു സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ അപലപിച്ചു. മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമാണെന്നും കുറ്റവാളികള്‍ക്ക് മാപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.