രോഗനിര്‍ണയ ലബോറട്ടറികള്‍ മെച്ചപ്പെടുത്തണം: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പത്തോളജിസ്റ്റ്‌സ് ആന്റ് മൈക്രോബയോളജിസ്റ്റ്‌സ്

രോഗനിര്‍ണയ ലബോറട്ടറികള്‍ മെച്ചപ്പെടുത്തണം: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പത്തോളജിസ്റ്റ്‌സ് ആന്റ് മൈക്രോബയോളജിസ്റ്റ്‌സ്

കോഴിക്കോട്: സംസ്ഥാനത്തെ രോഗനിര്‍ണയ ലബോറട്ടറികള്‍ മെച്ചപ്പെടുത്തണമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പത്തോളജിസ്റ്റ്‌സ് ആന്റ് മൈക്രോ ബയോളജിസ്റ്റ്‌സ് (IAPM). സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലില്‍ ലെവല്‍ 2, ലെവല്‍ 3 ലാബുകളില്‍ പത്തോളജിസ്റ്റ് വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും ഇത് നടപ്പായിട്ടില്ല. ഒരു പത്തോളജിസ്റ്റ് തന്നെ പല ലാബുകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ ഗുണഫലങ്ങള്‍ ഗുണഭോക്താവിന് ലഭിക്കുന്നില്ല. ലാബുകളുടെ ഗുണമേന്മ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.
ഓരോ ടെസ്റ്റിനും ദിവസത്തില്‍ ഒരു തവണയെങ്കിലും പരിശോധന നടത്തിയിരിക്കണം. ഇത് കാര്യക്ഷമമാണോ എന്നറിയുന്നതിന് പത്തോളജിസ്റ്റിന്റെയോ ബയോകെമിസ്റ്റിന്റെയോ സേവനം ലാബിലുണ്ടാവണം. പക്ഷേ, ചിലവ് ചുരുക്കലിന്റെ ഭാഗമായി ഇത് നടക്കാതിരിക്കുന്ന പതിവ് വ്യാപകമാണ്.
ഇതും ലാബ് ടെസ്റ്റുകളുടെ ഗുണമേന്മയെ ബാധിക്കും. പല ലാബുകളും സ്വന്തമായി ടെസ്റ്റുകള്‍ ചെയ്യാതെ വെറും കലക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുകയാണ്. ബി 2 ബി സംവിധാനം വിശ്വാസ്യത ഇല്ലാതാക്കും.
കുറഞ്ഞനിരക്കില്‍ ടെസ്റ്റുകള്‍ ചെയ്തുതരാമെന്ന് പറഞ്ഞുവരുന്ന ലാബിലേക്ക് സാംപിളുകള്‍ അയയ്ക്കുമ്പോള്‍ റിസള്‍ട്ട് ശരിയാവണമെന്നില്ല. ഇത്തരം ലാബുകള്‍ക്ക്‌ പറയുന്ന നിരക്കുകള്‍ കൊണ്ട് ടെസ്റ്റ് ചെയ്യാനുള്ള റീയേജന്റുകള്‍ പോലും വാങ്ങാന്‍ സാധിക്കില്ല. ഇത് പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ബയോപ്‌സി പോലുള്ള അനാട്ടമിക് പത്തോളജിയുടെ കാര്യത്തില്‍ ചികിത്സിക്കുന്ന ഡോക്ടറുമായി കേസിനെ പറ്റി ചര്‍ച്ച ചെയ്യേണ്ടിവരും. ഇതിനും സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. പല ലാബുകളും പരിശോധന നിരക്കിലെ ഒരു പങ്ക് റെഫര്‍ ചെയ്ത ഡോക്ടര്‍ക്ക് റെഫറല്‍ ഫീസായി നല്‍കുന്നുണ്ട്. ഇത് നൈതികതക്ക് നിരക്കാത്തതും റിപ്പോര്‍ട്ടുകളുടെ നിലവാരത്തില്‍ ഇടിവുണ്ടാക്കുന്നതുമാണ്. 80 ശതമാനം ടെസ്റ്റുകളെങ്കിലും ഇന്‍ഹൗസ് ആയി ചെയ്യുന്ന ലാബുകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കാവൂ. പത്തോളജിസ്റ്റുകളുടെ ശമ്പളം ക്ലിനിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ ശമ്പളത്തിന് തുല്യമാക്കണം.
ലാബിലേക്ക് സാംപിളുകള്‍ അയയ്ക്കുന്നതിന് റെഫറല്‍ ഫീസോ മറ്റ്കിക്ക് ബാക്കുകളോ നല്‍കുന്നത് ഒഴിവാക്കണമെന്നവര്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഡോ: രാജന്‍.ജി, സെക്രട്ടറി അനി പ്രവീണ്‍, ഡോ: കെ.പി അരവിന്ദന്‍, ഡോ: ഗൗരി. എ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *