ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്: രാജര്‍ഹാട്ട് മണ്ഡലത്തില്‍ വോട്ടര്‍മാര്‍ ബഹിഷ്‌കരിച്ചിട്ടും പോളിങ് 95%, അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി

ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്: രാജര്‍ഹാട്ട് മണ്ഡലത്തില്‍ വോട്ടര്‍മാര്‍ ബഹിഷ്‌കരിച്ചിട്ടും പോളിങ് 95%, അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്ന വോട്ടിങ്ങില്‍ പോളിങ് ശതമാനം ഉയര്‍ന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. ത്രിതല പഞ്ചായത്തിലേക്ക് ജൂലൈ എട്ടിന് നടന്ന വോട്ടെടുപ്പ് രാജര്‍ഹട്ടിലെ ജംഗ്ര ഹതിയാര രണ്ടാം നമ്പര്‍ പഞ്ചായത്ത് ബൂത്തിലെ നിരവധി വോട്ടര്‍മാര്‍ ബഹിഷ്‌കരിച്ചിരുന്നു. എന്നിട്ടും ബൂത്തിലെ പോളിങ് ശതമാനം 95 ശതമാനം ആയതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. മുന്‍ മന്ത്രി ഗൗതം ദേവിന്റെ മകന്‍ സപ്തര്‍ഷി ദേവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍.
തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നടപടി ഒന്നും എടുത്തിരുന്നില്ല, തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ഹര്‍ജിക്കാരുടെ ആരോപണത്തില്‍ അന്വേഷണം നടത്താനും ഓഗസ്റ്റ് മൂന്നിന് അടുത്ത വാദം കേള്‍ക്കുമ്പോള്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റിസ് സിന്‍ഹ അധികൃതരോട് ആവശ്യപ്പെട്ടു. സപ്തര്‍ഷി ദേവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കല്‍ക്കട്ട ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഡയറക്ടര്‍ ജനറലിനോടും ഇന്‍സ്പെക്ടര്‍ ജനറലിനോടും ജസ്റ്റിസ് അമൃത സിന്‍ഹ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രാജര്‍ഹട്ടിലെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്.

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പലയിടത്തുമായി നടന്ന ആക്രമണങ്ങളില്‍ ഇരുപതിലധികം പേരാണ് കൊല്ലപ്പെട്ടത്. പലയിടത്തും ബാലറ്റ് പെട്ടികള്‍ നശിപ്പിക്കുകയും ബോംബേറുകള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. അക്രമങ്ങള്‍ മൂലം പലയിടങ്ങളിലും വോട്ടെടുപ്പ് തടസപ്പെട്ടിരുന്നു. തുടര്‍ന്ന് ജൂലൈ പത്തിന് 697 ബൂത്തുകളില്‍ റീപോളിങും നടന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെന്നപോലെ പ്രതിപക്ഷമായ ബി.ജെ.പിക്കും നിര്‍ണായകമായിരുന്നു. അതിനാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരമാവധി നേട്ടം കൊയ്യാന്‍ എല്ലാ പാര്‍ട്ടികളും കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാല്‍ തൃണമൂലിന് ക്ഷതമേല്‍പിക്കാന്‍ ബി.ജെ.പിക്കോ മറ്റ് പാര്‍ട്ടികള്‍ക്കോ സാധിച്ചിട്ടില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 47.8 ശതമാനമായിരുന്ന വോട്ടുവിഹിതം 51.14 ശതമാനമായി ഉയര്‍ത്താന്‍ സാധിച്ചത് തൃണമൂലിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *