ചെന്നൈ: ഓസ്ട്രേലിയയില്‍ കടല്‍ത്തീരത്ത് എത്തിയ കൂറ്റന്‍ ലോഹ വസ്തു തങ്ങളുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) റോക്കറ്റിന്റെ ഭാഗമാണോ എന്ന് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സാധിക്കില്ലെന്ന ഐഎസ്ആര്‍ഒ.
”വസ്തു നേരിട്ട് കാണാതെയും പരിശോധിക്കാതെയും ഞങ്ങള്‍ക്ക് അതിനെ കുറിച്ച് ഒന്നും സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കഴിയില്ല. ആദ്യം ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി വസ്തുവിന്റെ വീഡിയോ അയയ്ക്കണം. അതില്‍ എന്തെങ്കിലും അടയാളങ്ങളുണ്ടോ എന്ന് നോക്കണം. അവര്‍ വസ്തു മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടതുണ്ട്. ആവശ്യമെങ്കില്‍, ഇത് ഇന്ത്യന്‍ റോക്കറ്റിന്റേതാണോ എന്ന് സ്ഥിരീകരിക്കാന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ക്ക് അവിടെ പോകാം, ”ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഓസ്‌ട്രേലിയന്‍ കടല്‍ത്തീരത്തടിഞ്ഞ വസ്തു ഇന്ത്യന്‍ ബഹിരാകാശ റോക്കറ്റിന്റെ ഭാഗമാണെന്ന അഭ്യൂഹങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയെ സമീപിച്ചിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
”നിലവില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ജൂറിയന്‍ ബേയ്ക്കടുത്തുള്ള ബീച്ചില്‍ സ്ഥിതി ചെയ്യുന്ന ഈ വസ്തുവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ് ഞങ്ങള്‍. ഈ വസ്തു ഒരു വിദേശ ബഹിരാകാശ വിക്ഷേപണ വാഹനത്തില്‍ നിന്നാകാം, കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവരുമായി ഞങ്ങള്‍ ബന്ധപ്പെടുന്നുണ്ട്”ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി ട്വീറ്റ് ചെയ്തു.
.