ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാല: ബിരുദ-ബിരുദാനന്തര പാഠ്യപദ്ധതികളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാല: ബിരുദ-ബിരുദാനന്തര പാഠ്യപദ്ധതികളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

കോഴിക്കോട്: ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാല 2023-24 വര്‍ഷം ആരംഭിക്കുന്ന വിവിധ ബിരുദ-ബിരുദാനന്തര പാഠ്യപദ്ധതികളിലേക്കുള്ള പ്രവേശനം ആരംഭിച്ചെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി.എം മുബാറക് പാഷ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യു.ജി.സി അംഗീകാരം ലഭിച്ച ബി.എ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, അഫ്‌സലുല്‍ ഉലമ, സംസ്‌കൃതം, ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, ഇക്കണോമിക്‌സ്, ബി.കോം, ബി.ബി.എ, എം.എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്‌കൃതം, അറബിക്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, എംകോം ഉള്‍പ്പെടെയുള്ള 22 ബിരുദ – ബിരുദാനന്തര കോഴ്‌സുകള്‍ക്കാണ് ഈ വര്‍ഷം പ്രവേശനം നല്‍കുന്നത്. ഓണ്‍ലൈനായി ആഗസ്റ്റ് 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
ഒരേ സമയം രണ്ട് ബിരുദം നേടാന്‍ ഓപണ്‍ സര്‍വകലാശാലയില്‍ അവസരം
കേരളത്തിലെ കോളജുകളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്ക് അതോടൊപ്പം തന്നെ ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയില്‍ മറ്റൊരു ബിരുദ പാഠ്യപദ്ധതിക്ക് കൂടി പ്രവേശനം നേടാവുന്നതാണ്. യു.ജി.സിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് സര്‍വകലാശാല ഈ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. ഇതനുസരിച്ച് ഒരേ സമയം രണ്ട് ബിരുദം നേടാന്‍ തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് ഓപണ്‍ സര്‍വകലാശാല പ്രദാനം ചെയ്യുന്ന പാഠ്യപദ്ധതികളിലേക്കാണ് പ്രവേശനം ലഭിക്കുക.
അപേക്ഷകള്‍ക്ക് www.sgou.ac.in എന്ന വെബ്‌സൈറ്റിലെ Apply For Admission എന്ന ലിങ്കില്‍ കൊടുത്തിട്ടുള്ള നിര്‍ദേശാനുസരണം അപേക്ഷിക്കുക.
കില, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, അസാപ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വ്യത്യസ്ത പാഠ്യപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍വകലാശാല ധാരണയായിട്ടുണ്ട്.
”നവകേരള നിര്‍മിതിയില്‍ ഒരുതുള്ളി” എന്ന പദ്ധതിയിലൂടെ കേരളത്തെ സമ്പൂര്‍ണ ബിരുദ സംസ്ഥാനമാക്കുന്ന ബി.എ നാനോ എന്റര്‍പ്രണര്‍ഷിപ്പ് പാഠ്യപദ്ധതി സര്‍വകലാശാലയുടെ പ്രധാന ലക്ഷ്യമാണ്. തൊഴില്‍/കഴിവ് നൈപുണ്യ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സിലബസ്, യോഗ്യതയില്‍ മിനിമം മാര്‍ക്ക് നിബന്ധ ഇല്ലാത്തതും പ്രായോഗിക തലത്തില്‍ സ്വയം ജോലി ലഭിക്കുന്നതിന് സഹായകരമായിട്ടുള്ള തൊഴില്‍/കഴിവ് നൈപുണ്യ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച സിലബസും എസ്.ജി.ഒ.യു പ്രോഗ്രാമുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. സ്വയം പഠനസാമഗ്രികളുടെ പ്രിന്ററിനോടൊപ്പം വെര്‍ച്യുല്‍ ലേണിങ്, ഇ-കണ്ടന്റ് എന്നിവ ഉള്‍പ്പെടുന്ന ആധുനിക സാങ്കേതിക സഹായത്തോടെ ഉള്ള പഠന ക്രമീകരണങ്ങള്‍ ആണ് എസ്.ജി.ഒ.യു വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്നത്. വിദ്യാര്‍ഥികളുടെ പഠനകാലത്തുടനീളം അവരുടെ പഠനം സുഗമമാക്കുവാനും നിരീക്ഷിക്കാനും ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം വഴി സാധ്യമാക്കും. സര്‍വകലാശാല ഒരുക്കുന്ന സ്റ്റുഡന്റ് പോര്‍ട്ടല്‍ വഴി എല്ലാ സേവനങ്ങളും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ.പി.എം മുബാറക് പാഷ (വൈസ് ചാന്‍സലര്‍), ഡോ.ടി.എം വിജയന്‍ (സിന്‍ഡിക്കേറ്റ് അംഗം), ഡോ.സി.വി അബ്ദുല്‍ ഗഫൂര്‍ (ഡയറക്ടര്‍ കോഴിക്കോട്/തലശ്ശേരി പ്രാദേശിക കേന്ദ്രം), ഡോ. ഉബൈദ് വി.പിസി (കോര്‍ഡിനേറ്റര്‍, ഫാറൂഖ് കോളജ് പഠന സഹായകേന്ദ്രം,കോഴിക്കോട്), പ്രമോദ് എം.കെ (ഡെപ്യൂട്ടി രജിസ്ട്രാര്‍) എന്നിവര്‍ പങ്കെടുത്തു.
Share

Leave a Reply

Your email address will not be published. Required fields are marked *