ഇസ്ലാമബാദ്: ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തിയാൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് പാകിസ്താൻ. ഇത്തവണത്തെ ഏഷ്യാകപ്പിന്റെ ആതിഥേയരാണ് പാകിസ്താൻ. സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് പാകിസ്താനിൽ കളിക്കില്ലെന്ന് ഇന്ത്യൻ നിലപാടിനെ തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാക്കാൻ ധാരണയായിരുന്നു.
ഓഗസ്റ്റ് 31 മുതലാണ് ഏഷ്യാ കപ്പിന് തുടക്കമാകുക. ആതിഥേയരാണെങ്കിലും നിലവിൽ ഏഷ്യാകപ്പിലെ ആകെയുള്ള 13 മത്സരങ്ങളിൽ ഒൻപതെണ്ണം ശ്രീലങ്കയിലാണ്. നാല് മത്സരങ്ങൾക്ക് മാത്രമെ പാക്കിസ്താൻ വേദിയാകു. മുമ്പ് പാകിസ്താനില്‍ കളിക്കില്ലെന്ന് ഇന്ത്യ നിലപാട് എടുത്തപ്പോള്‍ പിസിബിയുടെ മുന്‍ ചെയര്‍മാന്‍ നെജാം സേഥിയാണ് ശ്രീലങ്ക വേദിയാക്കാൻ തീരുമാനിച്ചത്.
പിസിബി ചെയര്‍മാനായി സാക അഷ്‌റഫ് ചുമതലയേറ്റതോടെയാണ് പാകിസ്ഥാന്റെ നിലപാട് മാറ്റം. ഇന്ത്യയും പാക്കിസ്താനും തമ്മിൽ നടക്കുന്ന മത്സരം ശ്രീലങ്കയിലാണ് നടക്കുക. ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന മത്സരം നഷ്ടപ്പെടുന്നതിൽ പാകിസ്താന് അതൃപ്തിയുണ്ട്. മാത്രവുമല്ല പാകിസ്താനിൽ നടക്കുന്ന മത്സരങ്ങളുടെ എണ്ണവും കുറവാണ്. ഇന്ത്യയുടെ നിലപാടിനെ തുടർന്ന് ഇന്ത്യയിൽ നടക്കുന്ന ലോക കപ്പ് ക്രിക്കറ്റ് മത്സരങ്ങളിൽ തങ്ങളും ഇന്ത്യയിൽ കളിക്കാൻ തയ്യാറല്ലെന്ന് പാകിസ്താൻ നിലപാടെടുത്തിരുന്നു.