മലബാര്‍ ദേവസ്വം ജീവനക്കാര്‍ 20 ന് ഉച്ച മുതല്‍ 24 മണിക്കൂര്‍ നിരാഹാര സത്യാഗ്രഹവും തുടര്‍ന്ന് 21ന് പ്രകടനവും നടത്തും

മലബാര്‍ ദേവസ്വം ജീവനക്കാര്‍ 20 ന് ഉച്ച മുതല്‍ 24 മണിക്കൂര്‍ നിരാഹാര സത്യാഗ്രഹവും തുടര്‍ന്ന് 21ന് പ്രകടനവും നടത്തും

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് നീതി ലഭ്യമാക്കണമെന്ന ഹൈക്കോടതി വിധി പ്രസ്താവിച്ച ജൂലായ് 21 ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ ക്ഷേത്ര ജീവനക്കാര്‍ 24 മണിക്കൂര്‍ നിരാഹാരസത്യാഗ്രഹം അനുഷ്ഠിക്കും.

1994 ജൂലായ് 21 നാണ് കാലഹരണപ്പെട്ട മദിരാശി നിയമത്തിന് പകരം തിരു-കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് സമാനമായി സമഗ്രമായ മലബാര്‍ ദേവസ്വം നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഉണ്ടായത്. എന്നാല്‍ വിധി വന്ന് 29 വര്‍ഷം പിന്നിട്ടിട്ടും മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് നീതി ലഭിച്ചിട്ടില്ല.

കോടതി വിധിക്ക് പുറമെ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തന്നെ നിയമിച്ച വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകളേയും സര്‍ക്കാര്‍ അവഗണിച്ചു. സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടിട്ടും കാലഹരണപ്പെട്ട ബ്രിട്ടീഷ് നിയമം തന്നെ നിലനില്‍ക്കുനതിനാല്‍ ജീവനക്കാര്‍ക്ക് ജീവിക്കാനാവശ്യമായ വേതനമില്ല, ഒരു ലീവ് പോലും അനുവദിക്കുന്നില്ല, പ്രതിമാസ വേതനമില്ല, വേതനം വര്‍ഷങ്ങളോളം കുടിശ്ശികയാണ്. ജന്മിമാരും നാട്ടുരാജാക്കന്മാരുമാണ് മലബാറിലെ ക്ഷേത്ര ഭരണം കൈയ്യാളുന്നത്. മറ്റ് മേഖലകളില്‍ നടപ്പിലാക്കിയ 3 ശമ്പളപരിഷ്‌കരണം മലബാര്‍ ദേവസ്വം ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ടു.
2019 മുതല്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്‌കരണം, വരുമാനമുള്ള ക്ഷേത്രങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. തൊഴിലാളി വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികളാണ് മലബാര്‍ ദേവസ്വത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.

ഈ സാഹചര്യത്തില്‍ തുല്യ നീതി നടപ്പിലാക്കണമെന്ന സുപ്രീം കോടതി ശരിവെച്ച ഹൈക്കോടതി വിധി 29 വര്‍ഷം പിന്നിട്ടിട്ടും നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കോടതി വിധിയുടെ 21-ാം വാര്‍ഷികദിനത്തില്‍ ക്ഷേത്ര ജീവനക്കാര്‍ നിരാഹാരസത്യാഗ്രഹം നടത്തുന്നത്. ജൂലായ് 20 ന് ഉച്ചക്ക് 1 മണി മുതല്‍ 21 ന് ഉച്ചക്ക് 1 മണി വരെയാണ് സമരം. സംയുക്തമരസമിതിയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ബുധനാഴ്ചകളില്‍ നടത്തിവരുന്ന അനിശ്ചിത കാലധര്‍ണ്ണാ സമരം 3 മാസമായി ഇപ്പോഴും തുടര്‍ന്നുവരുന്നുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *