ന്യൂഡൽഹി: അപകീർത്തിക്കേസിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവാ രാഹുൽ ഗാന്ധി നൽകിയ ഹർജി സുപ്രീം കോടതി നാളെേ പരിഗണിക്കും.
വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ഹർജി ജൂലായ് ഏഴിന് ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്.
രാഹുൽ ഹർജിയുമായെത്തിയാൽ തന്റെ ഭാഗംകൂടി കേൾക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ഗുജറാത്ത് എം.എൽ.എ.യും മുൻ മന്ത്രിയുമായ പൂർണേഷ് മോദി സുപ്രീംകോടതിയിൽ തടസ്സഹർജി നൽകിയിട്ടുമുണ്ട്.
കേസിൽ രണ്ടു വർഷത്തെ തടവുശിക്ഷയാണ് സൂറത്ത് കോടതി രാഹുലിന് വിധിച്ചത്. സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിനാൽ രാഹുലിന് ജയിലിൽ പോവേണ്ടി വന്നില്ല.
ഈ കേസിനെ തുടർന്നാണ് രാഹുൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടത്. അതേസമയം വിധി സ്റ്റേ ചെയ്യണമെന്ന ഹർജി സുപ്രീംകോടതിയും തള്ളിയാൽ രാഹുലിന് അടുത്തവർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.