വ്യവസായ മേഖലയുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വ്യവസായ വിദഗ്ധരെ അധ്യാപകരായി നിയമിക്കാന്‍ എന്‍.ഐ.ടി.സി

വ്യവസായ മേഖലയുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വ്യവസായ വിദഗ്ധരെ അധ്യാപകരായി നിയമിക്കാന്‍ എന്‍.ഐ.ടി.സി

കോഴിക്കോട്: വ്യവസായങ്ങള്‍, ഗവേഷണ-വികസനസ്ഥാപനങ്ങള്‍, ദേശീയ അന്തര്‍ ദേശീയ സര്‍വകലാശാലകള്‍ എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് തയ്യാറെടുക്കുന്നു. വിവിധമേഖലകളില്‍ വിദഗ്ധരായആളുകളുമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവസരം ഉറപ്പുവരുത്തുന്നതിനായി വ്യവസായ വിദഗ്ധരെയും ഗവേഷകരെയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്, വിസിറ്റിംഗ്, അഡ്ജങ്ട് ഫാക്കല്‍റ്റി പോസ്റ്റുകളില്‍ നിയമിക്കുകയാണ് ലക്ഷ്യം.

അധ്യാപനത്തിലും ഗവേഷണത്തിലും മികവും നേതൃത്വവും പ്രോത്സാഹിപ്പിക്കാനും അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍,ഗവേഷകര്‍, വ്യവസായവിദഗ്ധര്‍ എന്നിവരുടെ ഇടയില്‍ ആശയവിനിമയം സുഗമമാക്കാനുമാണ് ഈ നീക്കമെന്ന് എന്‍.ഐ.ടി.സി ഡയറക്ടര്‍ പ്രൊഫ.പ്രസാദ് കൃഷ്ണ പറഞ്ഞു. വ്യവസായ-ഗവേഷണ വിദഗ്ധരുമായുള്ള സഹകരണം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇത്തരം സ്ഥാപനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ-ഗവേഷണരംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അവരുടെ അനുഭവസമ്പത്ത് വര്‍ദ്ധിപ്പിക്കാനും വിദഗ്ദ്ധരെ മുഴുവന്‍ സമയ അടിസ്ഥാനത്തില്‍ പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് ആയി ഉള്‍പ്പെടുത്താനാണ് എന്‍.ഐ.ടി.സി അധികാരികള്‍ പദ്ധതിയിടുന്നത്. വിവിധ എഞ്ചിനീയറിങ് മേഖലകളില്‍ നിലവിലുള്ള സാങ്കേതികതയെയും പ്രവര്‍ത്തനരീതികളെയും കുറിച്ച് വിദ്യാര്‍ത്ഥികളില്‍ ആഴത്തിലുള്ള ധാരണയും അറിവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമെങ്കിലും സാങ്കേതിക, മാനേജീരിയല്‍ രംഗങ്ങളിലും പ്രഫഷണല്‍ രംഗത്തും ഉള്ളവരെ മാത്രമാണ് പ്രൊഫസര്‍ഓഫ് പ്രാക്ടീസ് ആയി നിയമിക്കുക. എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/ഡിസൈന്‍ എന്നിവയില്‍ കുറഞ്ഞത് ബിരുദം അല്ലെങ്കില്‍ ശാസ്ത്രം/മാനവികത/മാനേജ്‌മെന്റ്/വിദ്യാഭ്യാസം/നിയമം എന്നീ മേഖലകളില്‍ ബിരുദാനന്തരബിരുദം ഉണ്ടായിരിക്കണം. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളില്‍ വ്യവസായ, ഗവേഷണ-വികസനസ്ഥാപനങ്ങളില്‍നിന്നുള്ള വിസിറ്റിംഗ് ഫാക്കല്‍റ്റികളെയും അഡ്ജങ്ട് ഫാക്കല്‍റ്റികളെയും നിയമിക്കാനും എന്‍.ഐ.ടി.സി തീരുമാനിച്ചിട്ടുണ്ട് എന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറും സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റിയൂഷണല്‍ റിലേഷന്‍സിന്റെ ചെയര്‍പേഴ്‌സനുമായ ഡോ. ജോസ്മാത്യു പറഞ്ഞു. അക്കാദമിക് സ്‌കോളര്‍ഷിപ്പുകളും വിവിധമേഖലകളിലെ പ്രൊഫഷണലുകളുടെ പ്രായോഗിക അനുഭവവും സംയോജിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരങ്ങള്‍ ഉറപ്പുവരുത്താന്‍ വിദഗ്ധരുടെ നിയമനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘എല്ലാ തസ്തികകളും ഹ്രസ്വകാല കരാര്‍ തസ്തികകളാണെന്നും തുടക്കത്തില്‍ ഒരുവര്‍ഷത്തേക്ക്, പിന്നീട് പരമാവധി മൂന്ന് വര്‍ഷം വരെ അല്ലെങ്കില്‍ 70 വയസ്സ് വരെ എന്ന രീതിയിലാകും നിയമനങ്ങള്‍ നടത്തുക എന്നും ഡോ. ജോസ് മാത്യു പറഞ്ഞു. ഈ സംരംഭം വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായങ്ങളുമായി സഹകരിക്കാനും നൂതനസാങ്കേതികവിദ്യകള്‍ പഠിച്ച് അവരുടെ അറിവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍വിവരങ്ങള്‍ക്കും അപേക്ഷിക്കാനും താഴെ കാണുന്ന ലിങ്കില്‍ സന്ദര്‍ശിക്കുക.
https://nitc.ac.in/imgserver/uploads/attachments/Ede1da110762b0452881d9ae8789c00ade.pdf

Share

Leave a Reply

Your email address will not be published. Required fields are marked *