കോഴിക്കോട്: സത്യനെന്ന മഹാനടന്റെ സിംഹാസനം ഒഴിഞ്ഞുകിടക്കുകയാണെന്നും ജന്മനാ അഭിനയസിദ്ധിയുള്ള നടനായിരുന്നു സത്യനെന്ന് പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.ആര്‍ നാഥന്‍ പറഞ്ഞു. വിശ്വദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച സത്യന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറക്ക് അഭിനയിക്കാനറിയാത്തത് കൊണ്ടല്ല സാഹിത്യമൂല്യമുള്ള കഥകളില്ലാത്തതാണ് സിനിമാരംഗത്തെ പ്രതിസന്ധി. ഒരു വ്യക്തിക്ക് എടുത്ത് പറയാന്‍ ഗുണമുണ്ടോ എങ്കില്‍ കഥാപാത്രത്തിന് പ്രാധാന്യമുള്ളതായി മാറും. സത്യന്‍ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം അത്തരത്തിലുള്ളതായിരുന്നു. സത്യന്‍ അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് ഏറ്റവും നല്ല സാഹിത്യകൃതികളാണ് സിനിമയായി മാറിയത്. എല്ലാവരും വായിക്കുന്ന നോവലും കഥകളും സിനിമയായി മാറി.
ഇന്ന് നോവല്‍, നാടകം, സീരിയല്‍ എല്ലാം രീതി മാറിയിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നാടകം കളിച്ച കാലമുണ്ടായിരുന്നു. ജീവിതവുമായി ബന്ധമില്ലാത്ത കാര്യങ്ങളുണ്ടാവുമ്പോള്‍ സാഹിത്യത്തില്‍ അപചയം സംഭവിക്കും. സത്യന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ക്ക് നന്‍മയുടെ അംശമുണ്ട്.
ചെമ്മീന്‍, നീലക്കുയില്‍ എന്നീ സിനിമകളില്‍ ജീവന്റെ അംശമുള്ളതിനാലാണ് അത് കാലാതിവര്‍ത്തിയാവുന്നത്. തച്ചോളി ഒതേനന്‍ എന്ന് കേള്‍ക്കുമ്പോള്‍ അതുകൊണ്ടാണ് സത്യനെ ഓര്‍മവരുന്നത്. ഏത് വേഷവുമായി സത്യന്‍ പൊരുത്തപ്പെടും. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന സിനിമയിലെ വൃദ്ധന്റെ രംഗം അദ്ദേഹം അഭിനയിച്ചത് അസാമാന്യ അഭിനയപാടവത്തിന് മകുടോദാഹരണമാണ്. വൃദ്ധനായി അഭിനയിക്കുമ്പോള്‍ ശരീരത്തിന്റെ എല്ലാ ഭാഗവും എങ്ങനെ അഭിനയിക്കുന്നു എന്നത് വിസ്മയമായിരുന്നു. മണ്‍മറഞ്ഞ പ്രതിഭകളെ ഓര്‍ക്കുന്നത് കോഴിക്കോട്ടുകാരുടെ മഹത്വമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഡ്വ.മഞ്ചേരി സുന്ദര്‍ രാജ് അധ്യക്ഷത വഹിച്ചു. എം.കെ.പ്രേംനാഥ് എക്സ് എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ വര്‍ഗ്ഗീസ് മാത്യുവിനെ പി.ആര്‍ നാഥന്‍ മെമെന്റോയും പൊന്നാടയും നല്‍കി ആദരിച്ചു. കുട്ടികള്‍ക്കുള്ള പഠനോപകരണം എം.കെ.പ്രേംനാഥ് എക്സ് എം.എല്‍.എ വിതരണം ചെയ്തു. സയ്യിദ് ഹാഷിം ശിഹാബ് തങ്ങള്‍ (ഫൗണ്ടര്‍ ചെയര്‍മാന്‍ അറബിക് മ്യൂസിക് അക്കാദമി), ആറ്റക്കോയ പള്ളിക്കണ്ടി, നവീന സുഭാഷ് (റീജ്യനല്‍ കോ-ഓര്‍ഡിനേറ്റര്‍ ചലച്ചിത്ര അക്കാദമി) എന്നിവര്‍ സത്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
കഥാകൃത്ത് ഗോകുല്‍ദാസ്, സാമൂഹിക പ്രവര്‍ത്തകയായ എന്‍.കെ.ത്രിജ, പി.സി പാലം, ജ്യോതി പന്തീരാങ്കാവ്, വിപിന്‍ മൂഴിക്കല്‍ ആശംസകള്‍ നേര്‍ന്നു. തിരക്കഥാകൃത്ത് ടി.സജില്‍ കുമാര്‍ സ്വാഗതവും വിശ്വദര്‍ശന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഒ.സ്നേഹരാജ് നന്ദിയും പറഞ്ഞു.