തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തു നിന്നും തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍. ചീഫ് സെക്രട്ടറിയെ കണ്ട് ആവശ്യപ്പെട്ടുവെന്നും കെ.എസ്.ആര്‍.ടി.സിക്ക് പ്രത്യേകം എം.ഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് വീട്ടിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് എംഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി അദ്ദേഹം സര്‍ക്കാരിന് മുന്നിലേക്ക് എത്തിയത്. 20ന് ഹൈക്കോടതിയിലെ കേസ് പരിഗണിച്ച ശേഷം തീരുമാനമുണ്ടാകും.
സി.എം.ഡിയുടെ രാജിസന്നദ്ധത അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.അങ്ങനെയൊരു കാര്യം സി.എം.ഡി സംസാരിച്ചിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം കൃത്യമായി നല്‍കിയാല്‍ തന്നെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി സമ്മതിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രംഗത്തെത്തി.ബുദ്ധിമുട്ടിലൂടെയും പ്രതിസന്ധിയിലൂടെയും തന്നെയാണ് കടന്ന് പോവുന്നത്.സി.എം.ഡിയുടെ പ്രതികരണം ശ്രദ്ധയില്‍പെട്ടിട്ടില്ല. സി.എം.ഡിയുടെ അവധി ആവശ്യം ഔദ്യോഗികമായ വിഷയമാണ്. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല. ശമ്പളം നല്‍കാന്‍ വൈകിയത് സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ്. ആദ്യ ഘട്ടം കൊടുത്തു തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.