കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷം; സി.എം.ഡി അവധിയില്‍ പ്രവേശിച്ചേക്കും

കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷം; സി.എം.ഡി അവധിയില്‍ പ്രവേശിച്ചേക്കും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പദവിയില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന് സൂചന നല്‍കി സി.എം.ഡി ബിജു പ്രഭാകര്‍. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയില്‍ പ്രവേശിച്ചേക്കുമെന്നാണ് സൂചന. ശമ്പള വിതരണം മുടങ്ങിയ സാഹചര്യത്തില്‍ ഹൈക്കോടതി മാനേജ്മെന്റിനെതിരേ നിലപാടെടുത്തിരുന്നു.
കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയും ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തുമെന്നും ബിജു പ്രഭാകര്‍ അറിയിച്ചു. നിലവിലെ കെ.എസ്.ആര്‍.ടി.സിയുടെ ഇപ്പോഴത്തെ അവസ്ഥ അഞ്ച് എപ്പിസോഡുകളിലായി വിശദീകരിക്കും. ആദ്യ എപ്പിസോഡ് ഇന്ന് വൈകുന്നേരം അഞ്ചിന് എഫ്ബി പേജിലൂടെ പുറത്തുവിടും.

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍, ഖന്നാ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍, വരവ്, ചിലവ് കണക്കുകള്‍, ശമ്പളം വൈകുന്നതിന്റെ കാരണം എന്നീ വിഷയങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവെക്കും. പ്രതിമാസം 220 കോടി രൂപയിലേറെ വരുമാനം ഉണ്ടായിട്ടും എങ്ങനെയാണ് പ്രതിസന്ധിയിലാകുന്നതെന്നും ശമ്പളം വൈകുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കായി 11 കോടി രൂപ മാറ്റിവെക്കേണ്ടിവന്നതുകൊണ്ടാണ് ഈ മാസം ശമ്പളം മുടങ്ങിയതെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം.

ശമ്പളവിതരണവുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് കാരണം ധനവകുപ്പാണെന്ന് നേരത്തേ തന്നെ ബിജു പ്രഭാകര്‍ ഗതാഗത മന്ത്രിയെ അറിയിച്ചിരുന്നതായാണ് വിവരം. അനുവദിച്ച പണം ധനവകുപ്പ് നല്‍കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ആന്റണി രാജുവും കുറ്റപ്പെടുത്തിയിരുന്നു. ജൂണ്‍ മാസത്തെ ശമ്പളം ഇതുവരെയും കിട്ടാതെ വന്നതോടെ വിവിധ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി സമരത്തിലേക്ക് കടന്നിരുന്നു. പ്രതിഷേധം തുടരുന്നതിനിടെ ഇന്നലെ ജൂണ്‍ മാസത്തെ പകുതി ശമ്പളം വിതരണം ചെയ്തിരുന്നെങ്കിലും മുഴുവന്‍ ശമ്പളം ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.

Share

Leave a Reply

Your email address will not be published. Required fields are marked *