തിരുവനന്തപുരം: സി.പി.എം ഏക സിവില്‍ കോഡിനെതിരേ സംഘടിപ്പിക്കുന്ന സെമിനാറില്‍ കേന്ദ്ര കമ്മറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പിജയരാജന്‍ പങ്കെടുക്കില്ല. സെമിനാര്‍ നടക്കുന്ന ഇന്ന് ഇ.പി തലസ്ഥാനത്താണുള്ളത്. ഡി.വൈ.എഫ്.ഐ നിര്‍മിച്ച് നല്‍കുന്ന സ്‌നേഹവീടിന്റെ താക്കോല്‍ദാന പരിപാടിയില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കും. പാര്‍ട്ടിയും ഇ.പിയും തമ്മിലെ നിസ്സഹകരണം തുടരുന്നതിനിടെയാണ് നിര്‍ണ്ണായക സെമിനാറിലെ വിട്ടുനില്‍ക്കല്‍. എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷം നേതൃത്വവുമായി ഇ.പി രസത്തിലല്ല. ചികിത്സയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി പാര്‍ട്ടി യോഗങ്ങളില്‍ നിന്നും ഇ.പി വിട്ടുനില്‍ക്കുന്നുണ്ട്. ഇടതുമുന്നണി കണ്‍വീനറാണെങ്കിലും ഘടകകക്ഷികളുമായുള്ള ഏകോപനം വേണ്ടവിധം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
എല്‍.ഡി.എഫിലെ മുഖ്യ ഘടകകക്ഷികളിലെ മുതിര്‍ന്ന നേതാക്കളാരും കോഴിക്കോട്ടെ സെമിനാറില്‍ പങ്കെടുക്കുന്നില്ലെന്ന് സി.പി.ഐയും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കെ വിജയന്‍ പങ്കെടുക്കുമെന്നാണ് സി.പി.ഐ അറിയിച്ചിട്ടുള്ളത്.
ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം വന്ന് കൃത്യം രണ്ടാഴ്ച പിന്നിടുമ്പോഴാണ് കേരളത്തില്‍ സിപിഎം നേതൃത്വത്തില്‍ ഈ വിഷയത്തില്‍ ആദ്യ സെമിനാര്‍. പൗരത്വ വിഷയത്തിനു സമാനമായ രീതിയില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന സെമിനാറില്‍ വിവിധ മത സാമുദായിക നേതാക്കളും ഇടതു മുന്നണിയിലെ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും.