ബി.ഡി.ജെ.എസ് പങ്കെടുക്കും
കോഴിക്കോട്: സി.പി.എം കോഴിക്കോട് സംഘടിപ്പിക്കുന്ന ഏക സിവില്‍ കോഡ് സെമിനാറില്‍ സമസ്ത പങ്കെടുക്കും. കോഴിക്കോട് സ്വപ്‌നനഗരിയിലെ ട്രേഡ് സെന്ററില്‍ ഇന്ന് വൈകീട്ട് നാലിനാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സെമിനാറിലേക്ക് സി.പി.എം മുസ്‌ലിം ലീഗിനെ ക്ഷണിച്ചെങ്കിലും ക്ഷണം ലീഗ് നിരസിക്കുകയും സമസ്ത ക്ഷണം സ്വീകരിക്കുകയുമാണ് ഉണ്ടായത്. ബി.ഡി.ജെ.എസ് പ്രതിനിധിയും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.
ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം വന്ന് കൃത്യം രണ്ടാഴ്ച പിന്നിടുമ്പോഴാണ് കേരളത്തില്‍ സി.പി.എം നേതൃത്വത്തില്‍ ആദ്യ സെമിനാര്‍ നടക്കുന്നത്. പൗരത്വ വിഷയത്തിനു സമാനമായ രീതിയില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന സെമിനാറില്‍ വിവിധ മത സാമുദായിക നേതാക്കളും ഇടതു മുന്നണിയിലെ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും. സമസ്തയിലെ ഉമര്‍ഫൈസി, പി.എം അബ്ദുസലാം ബാഖവി എന്നിവര്‍ സമസ്തയുടെ പ്രതിനിധികളായി സെമിനാറില്‍ സംബന്ധിക്കും.
സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി ഏക സിവില്‍ കോഡ് നടപ്പാക്കാനുളള നീക്കത്തിനെതിരായ യോജിച്ചുളള പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നതെന്നും, സുന്നി മുജാഹിദ് വിഭാഗം നേതാക്കളും ക്രൈസ്തവ സഭാ നേതാക്കളുമടക്കം പങ്കെടുക്കുന്നത് സെമിനാറിന് കിട്ടുന്ന പൊതു സ്വീകര്യതയ്ക്ക് തെളിവെന്ന് സംഘാടകരും വിശദീകരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ നില്‍ക്കെ കോഴിക്കോട്ടെ സെമിനാര്‍ തുടര്‍ സമരപരിപാടികളുടെ ആദ്യ പടിയായി മാറും.