പ്രായപൂര്‍ത്തിയാകാത്തവരുടെ ഉഭയസമ്മത ലൈംഗിക ബന്ധം: പെണ്‍കുട്ടിക്കും തുല്യ പങ്ക്- ബോംബെ ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്തവരുടെ ഉഭയസമ്മത ലൈംഗിക ബന്ധം: പെണ്‍കുട്ടിക്കും തുല്യ പങ്ക്- ബോംബെ ഹൈക്കോടതി

മുംബൈ: പ്രായപൂര്‍ത്തിയാകാത്തവരുടെ ഉഭയസമ്മത ലൈംഗിക ബന്ധത്തില്‍ പെണ്‍കുട്ടിക്കും തുല്യ പങ്കാളിത്തമാണുള്ളതെന്ന് ബോംബെ ഹൈക്കോടതി. 2016ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ഒരാളെ കുറ്റവിമുക്തനാക്കിയാണ് കോടതി ഉത്തരവ്. പ്രതിയായ പുരുഷന് അന്ന് 25 വയസും പെണ്‍കുട്ടിക്ക് 17 വയസ്സുമായിരുന്നു പ്രായം. ഇരുവരും ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് കോടതിയെ അറിയിച്ചിരുന്നു. കൂടാതെ, മുസ്‌ലിം നിയമപ്രകാരം തനിക്ക് പ്രായപൂര്‍ത്തിയായെന്നും യുവാവുമായി നിക്കാഹ് കഴിഞ്ഞിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ സമ്മതം അപ്രധാനമായതിനാല്‍ പെണ്‍കുട്ടിയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന് തുല്യമാകുമെന്നും വിചാരണക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍, കേസില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണുള്ളതെന്ന് തെളിവുകള്‍ വ്യക്തമായി സ്ഥാപിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി ശിക്ഷ തെറ്റാണെന്ന് വിധിക്കുകയായിരുന്നു. ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം പുരുഷന്മാര്‍ക്ക് 21 വയസും സ്ത്രീകള്‍ക്ക് 18 വയസുമാണ് ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള ഇന്ത്യയിലെ പ്രായം. ഇത് ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രായപരിധിയാണെന്ന് കോടതി നിരീക്ഷിച്ചു.
ഒരു വ്യക്തിയുടെ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവിനെയും അയാളുടെ സ്വയം ഭരണാവകാശത്തിനെയും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. അതുകൊണ്ട് കൗമാരക്കാര്‍ക്ക് ഈ അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. കൗമാരക്കാര്‍ എടുത്തുചാടി തെറ്റായ തീരുമാനങ്ങള്‍ എടുക്കുമെന്ന ഭയം കാരണം, അവരുടെ ആഗ്രഹങ്ങളെയും ഇച്ഛാശക്തിയെയും അവഗണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നിലവിലെ നിയമ വ്യവസ്ഥകള്‍ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ പരിഗണിക്കുന്നതില്‍ പരാജയപ്പെടുന്നു. പെണ്‍കുട്ടിയെ തുല്യ പങ്കാളിയാക്കാതെ ബലാത്സംഗമായി കണക്കാക്കുകയാണ് ചെയ്യുന്നത്. ഉഭയസമ്മതത്തോടെയുള്ള ബന്ധങ്ങളില്‍ ഉള്‍പ്പെട്ട കക്ഷികള്‍ക്കിടയില്‍ ചെറിയ പ്രായവ്യത്യാസം മാത്രമാണുള്ളതെങ്കില്‍ പ്രതികളെ കുറ്റവിമുക്തരാക്കുന്നതിന് ഇത് കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മില്‍ ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് ശേഷം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പല കേസുകളിലും പെണ്‍കുട്ടിയെ ഇരയായും ആണ്‍കുട്ടിയെ പ്രതിയായും തരംതിരിക്കുന്നത് നിര്‍ഭാഗ്യകരമായ കാര്യമാണെന്നും ഇരുകൂട്ടരും ഒരുപോലെ തെറ്റുചെയ്തവരാണെന്നും മദ്രാസ് ഹൈക്കോടതി മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹ പ്രായവും ഉഭയസമ്മതത്തോട് കൂടിയ ലൈംഗിക ബന്ധത്തിനുള്ള പ്രായവും വ്യത്യസ്തമായി കണക്കാക്കണമെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മിലുള്ള ഉഭയസമ്മതത്തോടുള്ള ലൈംഗിക ബന്ധങ്ങളെ ശിക്ഷാനടപടികളോടെ കൈകാര്യം ചെയ്യരുത്. വിവാഹ ബന്ധത്തില്‍ മാത്രമല്ല ലൈംഗികതയുള്ളതെന്ന് നിരീക്ഷിച്ച കോടതി സമൂഹം മാത്രമല്ല, നീതിന്യായ വ്യവസ്ഥയും ഇക്കാര്യം മനസ്സിലാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി.

പോക്‌സോ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ള ഏതൊരാളും ”ചൈല്‍ഡ്’ (കുട്ടി) എന്ന് വിശേഷിപ്പിക്കുന്നത്. അതിനാല്‍ ഇത്തരം സംഭവങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും കുട്ടികളായി കണക്കാക്കുന്ന സാഹചര്യത്തില്‍ പോലിസ് പെണ്‍കുട്ടിയെ ‘ഇര’യായും ആണ്‍കുട്ടിയെ ‘പ്രതി’യായും കണക്കുന്നത് ഞെട്ടിക്കുന്നതാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിന് പുറകെ പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മില്‍ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ തുടര്‍ന്ന് ആണ്‍കുട്ടികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളില്‍ തീര്‍പ്പുകല്‍പിക്കാത്തവ കണ്ടെത്താന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *