മാനന്തവാടി: ആദ്യമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം പിടിച്ച് ചരിത്രം സൃഷ്ടിച്ച മിന്നും താരമായ കേരള താരം മിന്നുമണിയുടെ കുടുംബത്തിന് സ്മാര്‍ട്ട് ടി.വി സമ്മാനിച്ച് പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ യൂണിമണി. ബംഗ്ലാദേശിനെതിരേയുള്ള ട്വന്റി20 പരമ്പരയിലാണ് മിന്നുമണി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ട്വന്റി20 മല്‍സരത്തില്‍ അല്‍ഭുത പ്രകടനമായിരുന്നു മിന്നുമണി നടത്തിയത്. നാലോവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു കേരളത്തിന്റെ താരം.
എന്നാല്‍ മകളുടെ ക്രിക്കറ്റ് കളി നേരിട്ടോ വീട്ടിലിരുന്ന് ടിവിയിലോ കാണാന്‍ വയനാട് മാനന്തവാടിയില്‍ താമസിക്കുന്ന മിന്നുമണിയുടെ കുടുംബത്തിന് ഇതുവരെ സാധിച്ചിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് യൂണിമണി സിഇഒ ആര്.കൃഷ്ണന്റെ ഇടപെടലുണ്ടായത്. മാതാപിതാക്കളെ ബംഗ്ലാദേശിലെത്തിച്ച് കളി നേരിട്ട് കാണാന്‍ അവസരം നല്കാന് യൂണിമണി ശ്രമിച്ചെങ്കിലും പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ അത് സാധ്യമായില്ല. തുടര്‍ന്ന് യൂണിമണി സോണല്‍ ഹെഡ് ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് മിന്നുമണിയുടെ വീട്ടിലെത്തിയാണ് ടിവി സമ്മാനിച്ചത്. മിന്നുമണിയുടെ അച്ഛന് സി.കെ.മണി, അമ്മ വസന്ത മണി, മുത്തശ്ശി ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തിലാണ് ടിവി കൈമാറിയത്.
വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് മിന്നുമണി വലിയ പ്രചോദനമാണെന്നും എല്ലാവിധ പിന്തുണയും യൂണിമണിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും കമ്പനി അറിയിച്ചു. യൂണിമണി വൈസ് പ്രസിഡണ്ടും നോര്‍ത്ത് കേരള സോണല്‍ ഹെഡ്ഡുമായ സുനില്‍ ബാബു, അസിസ്റ്റന്റ് വൈസ് പ്രസിഡണ്ടും കോഴിക്കോട് മേഖല തലവനുമായ റിജു എം, സീനിയര്‍ മാനേജറും മാനന്തവാടി ബ്രാഞ്ച് ഹെഡ്ഡുമായ വിഷ്ണു.ടി.എസ്, മാനന്തവാടി ബിഡിഎം സനൂപ്.പി.എസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.