വീടുകളും റോഡുകളും തകര്‍ന്നു
ഷിംല: ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ഉത്തരേന്ത്യയില്‍ നൂറ് കടന്നു. നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 24 മണിക്കൂറിനിടെ 20 മരണം റിപ്പോര്‍ട്ട് ചെയ്തു. മണ്ണിടിച്ചിലിലും മലവെള്ളപാച്ചിലിലും പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നു. ഹിമാചല്‍ പ്രദേശില്‍ മാത്രം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കെടുതികളില്‍ 80ഓളം പേരാണ് മരണപ്പെട്ടത്. ഹിമാചല്‍പ്രദേശില്‍ നിര്‍ത്താതെ പെയ്ത മഴയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 31 പേര്‍ മരിച്ചു. സംസ്ഥാനത്തെ 1,300 റോഡുകള്‍ അടച്ചിട്ടു. മൂന്ന് ദിവസത്തിനിടെ 40 പാലങ്ങള്‍ തകര്‍ന്നു. ഹരിയാനയില്‍ ഞായറാഴ്ച മുതല്‍ പെയ്ത മഴയില്‍ ഏഴുമരണം റിപ്പോര്‍ട്ട് ചെയ്തു. കുരുക്ഷേത്ര ജില്ലയില്‍ കനാല്‍ തകര്‍ന്ന് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വെള്ളത്തിനടിയിലായി.
ഉത്തരാഖണ്ഡില്‍ ഉത്തരകാശി-ഗംഗോത്രി ഹൈവേയില്‍ മൂന്ന് വാഹനങ്ങളില്‍ പാറക്കഷ്ണങ്ങള്‍ വന്നിടിച്ച് നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പഞ്ചാബില്‍ 10 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണ് മറ്റ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ സംസ്ഥാനങ്ങളില്‍ കൃഷിക്കും വ്യാപക നാശനഷ്ടമുണ്ടായി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ പോലുമാകാതെ കുടുങ്ങികിടക്കുകയാണ്.
ചൊവ്വാഴ്ച കാലാവസ്ഥ തെളിഞ്ഞതോടെ പലഭാഗങ്ങളിലും രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. ഇതുവരെയുണ്ടായ നാശനഷ്ടം എത്രയെന്ന് തിട്ടപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കായിട്ടില്ല. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുക, ദുരിതാശ്വാസ നടപടികള്‍ വേഗത്തിലാക്കുക എന്നിവയ്ക്കാണ് സംസ്ഥാന സര്‍ക്കാരുകള്‍ പ്രാഥമിക പരിഗണന നല്‍കുന്നത്. ഇതിന് ശേഷം നാശനഷ്ടം കണക്കാക്കാമെന്നാണ് തീരുമാനം.