മാഹി: തന്റെ ആത്മ സുഹൃത്തുക്കളും അടുത്തിടെ വിട്ടു പിരിഞ്ഞവരുമായ എം.വി.ദേവന്റെ നാമധേയത്തിലുള്ള കലാഗ്രാമത്തിലെ വിശാലമായ ആര്‍ട്ട് ഗാലറിയില്‍ , നമ്പൂതിരി വരച്ച തന്റെ ചിത്രത്തിന് ചുവട്ടില്‍, താനെന്നും വിവിധ പരിപാടികള്‍ക്ക് നിലവിളക്ക് കൊളുത്താറുള കലാഗ്രാമത്തിന്റെ ഉമ്മറത്ത് അന്ത്യാഞ്ജലിക്ക് ഇന്നലെ കാലത്ത് 8 മണി മുതല്‍ മാനേജിങ്ങ് ട്രസ്റ്റി എ.പി. കുഞ്ഞിക്കണ്ണന്റെ ഭൗതികശരീരം പൊതുവണക്കത്തിന് വെച്ചപ്പോള്‍, കണ്ണുനീര് തൂകാത്തവരില്ല. ആയിരം വട്ടം എ.പി.യുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ വഴിയിലൂടെ ഇന്നലെ ആയിരങ്ങളാണ് പുഷ്പതലത്തില്‍ കിടന്ന കലയുടെ രാജകുമാരനെ യാത്രയയക്കാനെത്തിയത്.
താനേറ്റവും കേള്‍ക്കാന്‍ കൊതിച്ച കര്‍ണ്ണാടക സംഗീതത്തിലെ ഭക്തിയും ശോകവും നിറഞ്ഞ കീര്‍ത്തനങ്ങള്‍ അന്തരീക്ഷത്തെ മധുമന്ത്രണമായി തഴുകുന്നുണ്ടായിരുന്നു. തൊട്ടരികെ ആത്മ സുഹൃത്ത് ടി.പത്മനാഭനും, ചെന്നെയിലെ തന്റെ സഹോദരങ്ങളും ഇരിപ്പുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി പി.എസ്. കെ.കെ.രാഗേഷ്, മൃതദേഹത്തില്‍ റീത്ത്സമര്‍പ്പിച്ചു. പത്ത് മണിയാകുമ്പോഴേക്കും, മൃതദേഹത്തിന് ചുറ്റിലും റീത്തുകളും, പുഷ്പമാല്യങ്ങളും കുമിഞ്ഞ് കൂടിയിരുന്നു. മുന്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് , മുന്‍ ആഭ്യന്തരമന്ത്രി ഇവത്സരാജ്, രമേശ് പറമ്പത്ത് എം.എല്‍. എ, സി.പി.എം നേതാക്കളായ പി. ജയരാജന്, പി. ഹരീന്ദ്രന്‍, വി.കെ.രാകേഷ് , സി.പി.ഐ. സംസ്ഥാന നേതാക്കളായ സി.എന്‍. ചന്ദ്രന്, സി.പി.ഷൈജന്‍, എ.പ്രദീപന്, കെ.കെ. മാരാര്‍, ഡോ.മഹേഷ് മംഗലാട്ട് , പി.കെ. പാറക്കടവ്, ഉണ്ണി കാനായി, പ്രദീപ് ചൊക്ലി, മുന്‍ എം.എല്‍.എ ഡോ: വി.രാമചന്ദ്രന്, മുന്‍ ഡെ: സ്പീക്കര്‍ പി.കെ. സത്യാനന്ദന്, സിനിമാ നിര്‍മ്മാതാവ് മന്‍സൂര്‍ പള്ളൂര്‍, പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്ത്തൂന്‍, പവിത്രന് മൊകേരി, എം.കെ. മനോഹരന്, ഫോക് ലോര്‍ അക്കാദമി സെക്രട്ടറി അജയകുമാര്‍, ബാലസാഹിത്യകാരന്‍ രാജു കാട്ടുപുനം, കോണ്‍ഗ്രസ്സ് നേതാക്കളായ സജ്ജീവ് മാറോളി , വി.എ.നാരായണന്, എം.പി. അരവിന്ദാക്ഷന് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
ഉച്ചക്ക് പന്ത്രണ്ട് മണിക്ക് സംസ്ക്കാരചടങ്ങിന് ശേഷം നടന്ന സര്‍വ്വകക്ഷി അനുശോചന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ അദ്ധ്യക്ഷയായി. മുന്‍ മന്ത്രി സി.കെ.നാണു, കെ.കെ. മാരാര്‍, പി.വി.പ്രഭ, പി. ഹരീന്ദ്രന്‍, എ. പ്രദീപന് , കെ.എം. പവിത്രന് , പി.കെ.യൂസഫ് , അര്ജുന് പവിത്രന് , വര്‍ക്കി വട്ടപ്പാറ, ശാലിനി എം. ദേവന്, കെ.എ. ജോണി, ഇ. വിജയന് മാസ്റ്റര്‍, സജിത, എം. ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചൊക്ലി, കാഞ്ഞിരത്തിന് കീഴില്‍, മേനപ്രം പ്രദേങ്ങളില്‍ ഹര്‍ത്താലാചരിച്ചു.