ഐടിഇപിയുടെ കീഴിലാണ് എന്‍ഐടിയില്‍ ബിഎസ്സി- ബിഎഡ് പ്രോഗ്രാം തുടങ്ങുന്നത്
കോഴിക്കോട്: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ടെക്നോളജി കാലിക്കറ്റില്‍ ഈ വര്‍ഷം മുതല്‍ നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിഎസ്സി- ബിഎഡ് ആരംഭിക്കും. രണ്ട് ഐഐടികളും നാല് എന്‍ഐടികളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ വര്‍ഷം മുതല്‍ ഇന്റഗ്രേറ്റഡ് ബിഎഡ് നടത്താന്‍ അനുമതി ലഭിച്ചിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമിന് (ഐടിഇപി) കീഴിലാണ് പുതിയ കോഴ്സുകള്‍ക്ക് അനുമതി ലഭിച്ചത്.
മുഴുവന്‍ അധ്യാപക വിദ്യാഭ്യാസമേഖലയുടെയും പുനരുജ്ജീവനത്തിന് ഗണ്യമായ സംഭാവന നല്‍കുകയാണ് പുതിയ പ്രോഗ്രാം ലക്ഷ്യമിടുന്നത്. ആഗോളനിലവാരം ഉള്‍ക്കൊണ്ട്, മള്‍ട്ടി ഡിസിപ്ലിനറി രീതിയില്‍ ഈ പ്രോഗ്രാം പൂര്‍ത്തിയാക്കി പുറത്തുപോകുന്ന അധ്യാപകര്‍ ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുമെന്നും ദേശീയവിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാന്‍ വിദ്യാഭ്യാസമേഖലയെ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.
‘ദേശീയ വിദ്യാഭ്യാസനയം 2020ന് അനുസൃതമായും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്റെ (എന്‍സിടിഇ) തുടച്ചയായുള്ള വിദ്യാഭ്യാസ പരിഷ്കരണ പരിപാടികളുടെ ഭാഗമായുമാണ് ഇന്റഗ്രേറ്റഡ് ബിഎസ്സി-ബിഎഡ് പ്രോഗ്രാം എന്‍ഐടി കാലിക്കറ്റില്‍ ആരംഭിക്കുന്നത്,’ എന്‍ഐടിസി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ മൂന്ന് വ്യത്യസ്ത പ്രധാന വിഷയങ്ങളില്‍ ബിഎസ്സി-ബിഎഡ് (സെക്കന്‍ഡറി ലെവല്‍) എന്‍ഐടി കാലിക്കറ്റ് ആരംഭിക്കുമെന്നും ഹയര്‍ സെക്കണ്ടറി പഠനത്തിന് ശേഷം അദ്ധ്യാപനം ഒരു തൊഴിലായി തിരഞ്ഞെടുക്കാനാഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാല് വര്ഷത്തെപഠനം കൊണ്ട് ബിഎസ്സിയും ബിഎഡും നേടാന്‍ ഐടിഇപി അവസരമൊരുക്കുമെന്നും പ്രൊഫ. പ്രസാദ്കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
എന്‍ഐടിസിയില്‍ ആരംഭിക്കുന്നത് ബിഎസ്സി- ബിഎഡ് പ്രോഗ്രാം ആയതു കൊണ്ടുതന്നെ പ്ലസ്ടു സയന്‍സ് എടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനംലഭിക്കുക. നാഷണല്ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന പ്രവേശനപരീക്ഷയിലൂടെയാണ് പ്രവേശനപ്രക്രിയകള് പൂര്‍ത്തീകരിക്കുക.
ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.nta.ac.in, https://ncet.samarth.ac.in, https://ncte.gov.in ഈവെബ്സൈറ്റുകള് സന്ദര്‍ശിച്ച് അപേക്ഷകള്‍ അയക്കാവുന്നതാണ്.