മണിപ്പൂര്‍: ആനിരാജ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി,

മണിപ്പൂര്‍: ആനിരാജ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി,

ദീക്ഷ ദ്വിവേദിയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

ഇംഫാല്‍: മണിപ്പൂര്‍ കാലാപനന്തരം മേഖലകളിലെ സാഹചര്യം പഠിക്കാന്‍ പോയ സി.പി.ഐ നേതാവ് ആനിരാജയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഭരണകൂടത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് സംസ്ഥാനത്തെ കലാപം നടന്നതെന്ന ആനിരാജ ഉള്‍പ്പെട്ട വസ്തുതാന്വേഷണ സമിതിയുടെ പരാമര്‍ശത്തിനെതിരേയാണ് കേസെടുത്തത്. ആനിരാജ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേയാണ് രാജ്യദ്രേഹക്കുറ്റം ചുമത്തിയത്. ആനി രാജയ്ക്ക് പുറമെ നിഷ സിദ്ധു, അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവര്‍ക്കെതിരേയാണ് കേസ്. സി.പി.ഐയുടെ വനിതാ സംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണിന്റെ പ്രതിനിധികളായാണ് മൂവരും മണിപ്പൂരിലെത്തിയത്.

‘ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇത്തരം പ്രസ്താവനകള്‍. ഔദ്യോഗിക അന്വേഷണം നടക്കുന്നതിനിടയില്‍ വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് കുറ്റാരോപിതര്‍ നടത്തിയ പ്രസ്താവനകള്‍ ജനങ്ങളെ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ്.’ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുകയും സംസ്ഥാനത്തിന്റെ ഈ അസ്ഥിരമായ സാഹചര്യത്തില്‍ അവര്‍ എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

എസ്. ലിബെന്‍ സിങ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇംഫാല്‍ പോലിസാണ് ശനിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂലൈ ഒന്നിന് ഇംഫാലില്‍ സമിതി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തെളിവുകളൊന്നുമില്ലാതെ കലാപത്തെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതായി ചിത്രീകരിച്ചത് ചൂണ്ടിക്കാട്ടിയയാണ് പരാതി നല്‍കിയത്. ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സമിതി ആരോപണമുയര്‍ത്തിയിരുന്നു. രാജ്യദ്രോഹം, സര്‍ക്കാരിനെതിരേ ഗൂഢാലോചന, കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രകോപനം, സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വശ്രമം, വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ എന്നിങ്ങനെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്.

മെയ് മൂന്നിന് മണിപ്പൂരില്‍ ആരംഭിച്ച കലാപത്തിന് മാസങ്ങള്‍ കഴിഞ്ഞിട്ടും അറുതിയായിട്ടില്ല. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 142 പേര്‍ ഇതുവരെ കൊല്ലപ്പെട്ടുവെന്ന് അറിയിച്ചു. ആറായിരത്തോളം എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും 6745 പേരെ കസ്റ്റഡിയിലെടുത്തതായും കോടതിയെ ബോധിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *