ചാലക്കര പുരുഷു
മാഹി: പെരുമഴയുടെ രൗദ്രതാളത്തിന് ശമനമുണ്ടായ മഥുനം 24 ന്റെ പകലിന് 17 ചെണ്ടക്കാരും, 38 കൊമ്പ് കുഴല്ക്കാരും 10 ഇലത്താളക്കാരും ചേര്‍ന്ന് രണ്ടര മണിക്കൂര്‍ തിമര്‍ത്താടിയ പെരുമ്പറയില്‍ മയ്യഴിക്കടലോരമാകെ പ്രകമ്പനം കൊണ്ടു. അറബിക്കടലിലെ വെള്ളിയാങ്കല്ലുമായി ഐതീഹ്യപരമായും ആചാരപരവുമായി ബന്ധപ്പെട്ട് കിടക്കുന്ന മയ്യഴി തീരത്തെ വളവില്‍ കടപ്പുറത്തെ ശ്രീകുറുംബ ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടന്ന മെഗാ അരങ്ങേറ്റ പരിപാടി അച്ചടക്കത്തിലും പ്രകടനപരതയിലും താളമേളങ്ങളുടെ പരിപൂര്‍ണ്ണത കൈവരിച്ചു. വളവില്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ നാല് മാസത്തിലധികമായി നടക്കുന്ന കൊമ്പും കുഴലും അഭ്യസിക്കുന്നവരുടെ അരങ്ങേറ്റമാണ് ഇന്നലെ നടന്നത്. ചെണ്ടമേളത്തോടെപ്പം കൊമ്പും കുഴലും സംയോജിപ്പിച്ച് സ്വന്തമായി വാദ്യ സംഘമുള്ള മയ്യഴിയിലെ ആദ്യ ക്ഷേത്രമായി വളവില്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം മാറുകയാണെന്ന് പ്രസിഡണ്ട് രഞ്ചിത്ത് പാറമേല്‍ പറഞ്ഞു.
തികച്ചും സൗജന്യമായാണ് പഠനം.
നാല്പതോളം പേരുടെ അരങ്ങേറ്റമാണ് ഞായറാഴ്ച നടന്നത്. വടകര ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര പരിപാലന സമാജം ഗുരുക്കന്മാരായ ശ്യാംജിത്ത് ജീന്സു, കുറുംകുഴല്‍ വിദഗ്ധന്‍ വിചിത്രന്‍, അജേഷ് എന്നിവരാണ് വാദ്യസംഘത്തെ അഭ്യസിപ്പിച്ച് അരങ്ങേറ്റത്തിന് സജ്ജമാക്കിയത്. ഉത്സവാഘോഷങ്ങളുടെ പ്രൗഢിയും ഗാംഭീര്യവും വിളംബരം ചെയ്ത് അരങ്ങേറ്റം കാണാന്‍ നൂറുകണക്കിനാളുകളാണ് മയ്യഴി കടലോരത്ത് വിദൂരങ്ങളില്‍ നിന്ന് പോലും എത്തിച്ചേര്‍ന്നത്.