ചാക്കുണ്ണിയുടെ ആത്മകഥ ‘തോല്‍ക്കാന്‍ മനസ്സില്ലാതെ’ ഗവര്‍ണ്ണര്‍ പ്രകാശനം ചെയ്തു

ചാക്കുണ്ണിയുടെ ആത്മകഥ ‘തോല്‍ക്കാന്‍ മനസ്സില്ലാതെ’ ഗവര്‍ണ്ണര്‍ പ്രകാശനം ചെയ്തു

നന്മ നിറഞ്ഞ മനസ്സിനുടമയാണ് ചക്കുണ്ണി: ഗവര്‍ണര്‍

കോഴിക്കോട്: വ്യവസായത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി വിജയിച്ച സംരംഭകനാണ് ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണിയെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രവര്‍ത്തിച്ച മേഖലകളിലത്രയും നന്മകള്‍ കാണാനും അവ പിന്‍പറ്റി മുന്നേറാനുമുള്ള നിശ്ചയദാര്‍ഢ്യമാണ് ചാക്കുണ്ണിയെ വ്യത്യസ്തനാക്കുന്നത്. അത്തരമൊരു മനസ്സിനുടമയാണ് ചാക്കുണ്ണിയെന്ന് താന്‍ ചുമതലയേറ്റ് നാലുവര്‍ഷത്തിനുള്ളില്‍ നടന്ന പരിചയത്തിലൂടെ അറിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ചാക്കുണ്ണിയുടെ ആത്മകഥ ‘തോല്‍ക്കാന്‍ മനസ്സില്ലാതെ’ എന്ന പുസ്തകം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തു. മന്ത്രി വി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.
മലബാറിന്റെ വികസനത്തില്‍ പ്രത്യേകിച്ച് കോഴിക്കോട് എയര്‍പോര്‍ട്ടിന് ഭൂമിയും മണ്ണും ലഭിക്കുന്നതിന് ചാക്കുണ്ണിയുടെ നിരന്തരമായ പരിശ്രമം, മാതൃകാപരമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറിനെ ഏറെ സഹായകരമാകുന്ന നിലപാടാണ് ചാക്കുണ്ണിയുടേതെന്നും മന്ത്രി പറഞ്ഞു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പുസ്തകം ഏറ്റുവാങ്ങി. നാടിന്റെ വികസന കുതിപ്പിനായി ചാക്കുണ്ണി വഹിക്കുന്ന പങ്ക് നേരിട്ട് ബോധ്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി.വി ചന്ദ്രന്‍ ഗവര്‍ണ്ണര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. എഴുത്തുകാരന്‍ പി.ആര്‍ നാഥന്‍ പുസ്തകപരിചയം നടത്തി.
കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് ചെയര്‍മാന്‍ കെ. ശ്രീനിവാസന്‍ ഗവര്‍ണറെ പൊന്നാട അണിയിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം.ഐ അഷറഫ് ഷെവ. സി.ഇ ചാക്കുണ്ണിക്ക് ഉപഹാരം നല്‍കി. മന്ത്രി വി. അബ്ദുറഹിമാന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ക്ക് കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജും പി.ആര്‍ നാഥന്‍, കെ. ശ്രീനിവാസന്‍ എന്നിവര്‍ക്ക് ചാക്കുണ്ണിയുടെ കുടുംബാംഗമായ മഞ്ജു സാമും മെമെന്റോ നല്‍കി. വ്യവസായ – സാമൂഹ്യ സേവന മേഖലയില്‍ നേട്ടങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചത്. വിവിധ മേഖലകളില്‍ നിന്ന് ലഭിച്ച കലവറയില്ലാത്ത പിന്തുണ മൂലമാണെന്ന് ചാക്കുണ്ണി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇക്കാര്യത്തിലുള്ള കടപ്പാടും അദ്ദേഹം പങ്കുവച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സാം കുരുവിള സ്വാഗതം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *