കോഴിക്കോട്: തെരുവുനായ ശല്യം കുറയ്ക്കാന്‍ പഞ്ചായത്തുകള്‍ തോറും ഷെല്‍ട്ടറിങ് സംവിധാനം ഒരുക്കണമെന്ന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ 28ന് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അവര്‍. വികസിതരാജ്യങ്ങളില്‍ ഫലപ്രദമായി നടപ്പിലാക്കിയ മാര്‍ഗമാണ് ഷെല്‍ട്ടറിങ്. ഒരു പഞ്ചായത്തില്‍ 50,30 സെന്റ് സ്ഥലം കണ്ടെത്തി തെരുവുനായകളെ ഷെല്‍ട്ടര്‍ ചെയ്താല്‍ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് ഭരണസമിതികള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം. വകുപ്പ് മന്ത്രി എം.വി രാജേഷിന്റെ ഇടപെടല്‍ പ്രതീക്ഷനിര്ഭരമാണ്.
തെരുവുനായ അക്രമണം ഉണ്ടാകുമ്പോള്‍ നടത്തുന്ന ചര്‍ച്ചകള്‍ കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാവില്ല. തെരുവുനായകളുടെ കൃത്യമായ കണക്കെടുക്കാന്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കണം. ഷെല്ട്ടറില്വച്ച് പരിശോധനകള്‍ക്ക് ശേഷം നല്ല നായകളെ വന്ധ്യകരണത്തിന് വിധേയമാക്കിയ ശേഷം ദത്തെടുക്കലിന് നല്‍കാവുന്നതാണ്. അവയ്ക്ക് റാബിസ് പ്രതിരോധകുത്തിവയ്പ്പും നല്‍കണം. അക്രമണകാരികളായ നായകളുടെ ആവാസകേന്ദ്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് മനസിലാക്കാന്‍ വാര്‍ഡ്തല നോട്ടീസ് ബോര്‍ഡുകളില്‍ പരസ്യപ്പെടുത്താന്‍ സംവിധാനം ഉണ്ടാക്കണം. തെരുവ് മാലിന്യമാണ് നായകളുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനവിന് പ്രധാനകാരണങ്ങളിലൊന്ന്. തെരുവില്‍ മാലിന്യം നിക്ഷേപിച്ചാല്‍ ഈടാക്കുന്ന പിഴത്തുക വര്‍ധിപ്പിക്കുകയും മാലിന്യസംസ്കരണ നടപടികള്‍ ഊര്‍ജിതമാക്കുകയും വേണം. പൊതുജനങ്ങള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും നായകളുടെ സ്വഭാവരീതിയെ കുറിച്ചും പേ വിഷബാധയെ കുറിച്ചും ബോധവല്‍ക്കരണം നടത്തണം.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രത്യേക വെറ്ററിനറി പബ്ലിക് ഹെല്‍ത്ത് വിഭാഗം ആരംഭിക്കണം. സ്റ്റേറ്റ് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ ഈ രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തണം. തെരുവുനായ ശല്യം പരിഹരിക്കാന്‍ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരളയുടെ പിന്തുണ അവര്‍ വാഗ്ദാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹനന്. ജില്ലാ പ്രസിഡന്റ് ഡോ. എ.ജെ ജോയ്, ജില്ലാ സെക്രട്ടറി ഡോ. ശരത് ടി.എസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.