ദുരന്തനിവാരണത്തിന് കര്‍മപദ്ധതികളുമായി നാദാപുരം ഗ്രാമപഞ്ചായത്ത് ഉന്നതതലയോഗം ചേര്‍ന്നു

ദുരന്തനിവാരണത്തിന് കര്‍മപദ്ധതികളുമായി നാദാപുരം ഗ്രാമപഞ്ചായത്ത് ഉന്നതതലയോഗം ചേര്‍ന്നു

എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന് രൂപം നല്‍കും

നാദാപുരം: കഴിഞ്ഞദിവസമുണ്ടായ രൂക്ഷമായ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ നാദാപുരം ഗ്രാമപഞ്ചായത്തില്‍ ദുരന്തനിവാരണത്തിന് ജനകീയ സംവിധാനം ഉണ്ടാക്കുന്നതിന് വിവിധ വകുപ്പുതല ഉദ്യോഗസ്ഥന്മാര്‍, യുവജന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ,ജനപ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത യോഗം പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഉണ്ടാക്കും. ഇതിനായി വാര്‍ഡ് തലത്തില്‍ നിന്നും സന്നദ്ധപ്രവര്‍ത്തകരെയും ഈ മേഖലയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന രാഷ്ട്രീയ സംഘടന പ്രസ്ഥാനങ്ങളിലെ അംഗങ്ങളെയും തെരഞ്ഞെടുക്കും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് പരിശീലനവും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും നല്‍കും . ഇതിനായി പഞ്ചായത്ത് രണ്ട് ലക്ഷം രൂപയുടെ പദ്ധതി ഡി.പി.സിയില്‍ നിന്നും അനുമതി വാങ്ങിയിട്ടുണ്ട്.
നാദാപുരം ഗവ. കോളേജിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട വിഷയം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു . പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ വുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നമ്പറുകളും പ്രാഥമിക വിവരങ്ങളും അടങ്ങുന്ന ഡിജിറ്റല്‍ കൈപുസ്തകം തയ്യാറാക്കി നല്‍കുന്നതാണ് . പൊതു ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായ പൊതുസ്ഥലങ്ങളിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് വില്ലേജ് ഓഫീസര്‍ മുഖേന മരങ്ങളുടെ ലിസ്റ്റ് ജില്ലാ ദുരന്തനിവാരണ കമ്മിറ്റിക്ക് സമര്‍പ്പിക്കുന്നതാണ്. കാലവര്‍ഷക്കെടുതി കാരണം മലിനമായ കുടിവെള്ള സ്രോതസ്സുകളുടെ സൂപ്പര്‍ ക്ലോറിനേഷന്‍ നടന്നുവരുന്നുണ്ട് താലൂക്ക് ആശുപത്രികളിലും സബ് സെന്റര്‍ കളിലും ഡോക്‌സി കേന്ദ്രങ്ങള്‍ ആരംഭിച്ചു. പാമ്പ് കടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം നാദാപുരം താലൂക്ക് ആശുപത്രിയില്‍ ലഭ്യമാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നതാണ്. മറ്റ് പൊതുവായി ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. കഴിഞ്ഞദിവസം നാദാപുരം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ആരംഭിച്ച ക്യാംപ് അംഗങ്ങള്‍ വീടുകളിലേക്ക് തിരിച്ചുപോയതിനാല്‍ അവസാനിപ്പിച്ചു.
യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, വിവിധ രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാരായ കെ.പി കുമാരന്‍ മാസ്റ്റര്‍, ഹമീദ് വലിയാണ്ടി കെ.എം രഘുനാഥ് , കെ.ടി.കെ ചന്ദ്രന്‍ , കരിമ്പില്‍ ദിവാകരന്‍, ഇ.ഹാരിസ്, പി.പി ബാലകൃഷ്ണന്‍, രൂപേഷ് കിഴക്കേടത്ത്, നിഷാ മനോജ് , കെ.കെ അശ്വന്ത്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഷൈനിഷ് മൊകേരി, സബ് ഇന്‍സ്‌പെക്ടര്‍ ജിയോ സദാനന്ദന്‍, വില്ലേജ് ഓഫീസര്‍ എം. പ്രദീപ് കുമാര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുരേന്ദ്രന്‍ കല്ലേരി , കെ സതീഷ് ബാബു, ദുരന്ത നിവാരണ സേന പ്രവര്‍ത്തകരായ അബ്ദുല്‍സലാം തൂണേരി, അസീസ് കെ .കെ, നാദാപുരം ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ഷിജിത്ത് , കെ.എസ്.ഇ.ബി സബ്ബ് എന്‍ജിനീയര്‍ ശ്രീലാല്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *