ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞടുപ്പിനിടെ വ്യാപക സംഘര്‍ഷം; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞടുപ്പിനിടെ വ്യാപക സംഘര്‍ഷം; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകള്‍ക്കിടെയാണ് ആക്രമണം കൊലപാതകങ്ങളില്‍ എത്തിയത്. ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. പലയിടങ്ങളിലും പോളിങ് ബൂത്തുകള്‍ ആക്രമിച്ച് വോട്ടുപെട്ടികളുള്‍പ്പെടെ നശിപ്പിച്ചു.
കൂടുതല്‍ കൊലപാതകം നടന്നത് മുര്‍ഷിദാബാദിലാണ്. മൂന്നുപേരാണ് ഇവിടെ മാത്രം കൊലചെയ്യപ്പെട്ടത്. ഇസ്‌ലാംപുരില്‍ നടന്ന സംഘര്‍ഷത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകനും ഷംസെര്‍ഗഞ്ചില്‍ ഒരു വനിതാ വോട്ടര്‍ക്കും വെടിയേറ്റു. കുച്ബിഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവിയെ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുകൊന്നു. ഭംഗറിലെ കാശിപൂര്‍ പ്രദേശത്ത് കളിപ്പാട്ടമാണെന്ന് തെറ്റിദ്ധരിച്ച് റോഡില്‍ കിടന്നിരുന്ന ബോംബുകള്‍ കൊണ്ട് കളിക്കാന്‍ ശ്രമിച്ച രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി മുതല്‍ പ്രദേശത്ത് ഐ.എസ്.എഫ്-ടി.എം.സി പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളുടെ ഭാഗമായി റോഡില്‍ കിടന്നിരുന്ന ബോംബുകളാണ് കുട്ടികള്‍ അറിയാതെ എടുത്തത്.

മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. റെജിനഗര്‍, തുഫംഗഞ്ച്, ഖാര്‍ഗ്രാം എന്നിവിടങ്ങളിലായി മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും 2 പേര്‍ക്ക് വെടിയേറ്റെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യം ട്വീറ്റ് ചെയ്തു. പിന്നീടാണ് മരണ സംഖ്യ ഉയര്‍ന്നത്. കോണ്‍ഗ്രസ്, ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയാണെന്നും സുരക്ഷയ്ക്ക് നിയോഗിച്ച കേന്ദ്ര സേന നിഷ്‌ക്രിയരാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.അതിനിടെ, ആക്രമണങ്ങള്‍ തുടരുന്നതിനിടെ, അപ്രതീക്ഷിതമായി ബംഗാളില്‍ പോളിംഗ് ബൂത്തുകള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസിലെ ബസുദേബ്പൂരിലെ പോളിംഗ് ബൂത്തുകളിലേക്കാണ് സി.വി ആനന്ദ ബോസെത്തിയത്. സി.പി.എം പ്രവര്‍ത്തകര്‍ ഗവര്‍ണറെ നേരില്‍ കണ്ട് തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ അറിയിച്ചു. സ്ഥിതി നീരീക്ഷിച്ചു വരികയാണെന്ന് ഗവര്‍ണര്‍ ആഹ്വാനം ചെയ്തു. ബുള്ളറ്റുകള്‍ കൊണ്ടല്ല ബാലറ്റ് കൊണ്ടാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ജനങ്ങള്‍ വോട്ട് ചെയ്യാന്‍ എത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ജൂണ്‍ എട്ടിന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ സംസ്ഥാനത്താകെ സംഘര്‍ഷം പൊട്ടിപുറപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് അനുബന്ധിച്ച് നടന്ന അക്രമങ്ങളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 27 ആയി. 822 കമ്പനി അര്‍ധസൈനികരെയാണ് തെരഞ്ഞടുപ്പ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. പശ്ചിമബംഗാളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൃണമൂല്‍, ബി.ജെ.പി, സി.പി.എം പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളില്‍ ജൂണ്‍ 8 മുതല്‍ ഇതുവരെ 24 പേരാണ് മരിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *