സ്റ്റേഷനിലെത്തുന്ന ജനങ്ങളോടുള്ള പെരുമാറ്റം; ഉത്തരവിറക്കി സംസ്ഥാന പൊലീസ് മേധാവി

സ്റ്റേഷനിലെത്തുന്ന ജനങ്ങളോടുള്ള പെരുമാറ്റം; ഉത്തരവിറക്കി സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ കാണാന്‍ കാലതാമസമുണ്ടാക്കരുതെന്ന് ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് ഇറക്കിയ ഉത്തരവിലാണ് നിര്‍ദേശങ്ങളുള്ളത്.

സ്റ്റേഷനിലെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍, അവശത നേരിടുന്ന മറ്റു വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ഇവരുടെ ആവശ്യങ്ങളില്‍ കാലതാമസം കൂടാതെ നടപടി വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

സേവനം വേഗത്തില്‍ ലഭ്യമാക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രദ്ധിക്കണം. എസ്എച്ച്ഒയുടെ അഭാവത്തില്‍ പരാതിക്കാരെ കാണാന്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. പരാതി ലഭിച്ചാലുടന്‍ കൈപ്പറ്റ് രസീത് നല്‍കണം. തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് പോലീസ് മേധാവി നല്‍കിയിരിക്കുന്നത്.

പ്രാഥമിക അന്വേഷണത്തിന് ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ പേരുവിവരം പരാതിക്കാരനെ അറിയിക്കണം. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പരാതിക്കാരന് കൃത്യമായ മറുപടി നല്‍കണം. പ്രതികളെ അറസ്റ്റ് ചെയ്താല്‍ പരാതിക്കാരനെ അറിയിക്കണം. അന്തിമ റിപ്പോര്‍ട്ട് നല്‍കിയാല്‍ അക്കാര്യം അറിയിക്കണം.

പിആര്‍ഒമാര്‍ പരാതിക്കാരുടെ ആവശ്യം മനസ്സിലാക്കി ഉദ്യോഗസ്ഥരുടെ മുന്നിലെത്തിക്കണം. ഇവര്‍ പരാതി നേരിട്ട് അന്വേഷിക്കുകയോ പരിഹാരം നിര്‍ദേശിക്കുകയോ പാടില്ല. ഇത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. സ്റ്റേഷനുകളിലെ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് എസ്എച്ച്ഒമാര്‍ ദിവസേന ഉറപ്പാക്കണം. പ്രവര്‍ത്തിക്കാത്ത ക്യാമറകളുടെ വിവരം ജില്ലാ പൊലീസ് മേധാവിമാരെ അറിയിക്കണം. പരാതിക്കാര്‍ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ മാന്യമായി ഇടപെടണം. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്നത് ജില്ലാ പൊലീസ് മേധാവിമാരും യൂണിറ്റ് മേധാവിമാരും ഉറപ്പാക്കും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *