തെക്കേപ്പുറം ഹെറിറ്റേജ് മ്യൂസിയം ആരോപണം അടിസ്ഥാന രഹിതം സി.എ.ഉമ്മർകോയ

കോഴിക്കോട്: തെക്കേപ്പുറം ഹെറിറ്റേജ് സൊസൈറ്റിക്കെതിരെ ചില കേന്ദ്രങ്ങളിൽ നിന്ന് വന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും, രാഷ്ട്രീയ-വ്യക്തി വിദ്വേഷ കാഴ്ചപ്പാടിൽ ഈ മഹത്തായ സംരംഭത്തെആരും തകർക്കരുതെന്നും സൊസൈറ്റി പ്രസിഡണ്ട് സി.എ.ഉമ്മർകോയയും, ജന.സെക്രട്ടറി അബ്ദുള്ള മാളിയേക്കലും പീപ്പിൾസ് റിവ്യൂവിനോട് പറഞ്ഞു.  സൊസൈറ്റിക്ക് കക്ഷി രാഷ്ട്രീയ താൽപര്യങ്ങളില്ല. ചരിത്രത്തിന്റെ പൈതൃകം കൈമുതലായുള്ള പ്രദേശമാണ് തെക്കേപ്പുറം. ഇവിടെ ഒരു മ്യൂസിയം സ്ഥാപിക്കാൻ ഇതിനു മുൻപ് ശ്രമം നടന്നിരുന്നു.എന്നാൽ അതൊന്നും നടന്നില്ല. ഈയൊരു സാഹചര്യത്തിലാണ് നാട്ടുകാർ മറ്റ് യാതൊരു താൽപ്പര്യങ്ങളുമില്ലാതെ സൊസൈറ്റി രൂപീകരിക്കുകയും ഇതിനായി രംഗത്തിറങ്ങുകയും ചെയ്തത്. ആയിരത്തിലേറെ വർഷം പഴക്കമുള്ള  പള്ളിയും ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ ഉള്ള അമൂല്യങ്ങളായ പലതും ഇവിടെയുണ്ട്. അതെല്ലാം വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ കലക്ട് ചെയ്ത് ബൃഹത്തായ ഹെറിറ്റേജ് മ്യൂസിയം ഉണ്ടാക്കി, അത് വരുംതലമുറക്ക് കൈമാറാനാണ് സൊസൈറ്റി രൂപീകരിച്ചതും പ്രാരംഭ പ്രവർത്തനം ആരംഭിച്ചതും. സർക്കാരോ, മറ്റാരെങ്കിലുമോ ഈ ദിശയിൽ വന്നാൽ മാറികൊടുക്കാനും, എല്ലാ പിന്തുണ നൽകാനും സൊസൈറ്റി തയ്യാറാണ്. എന്തായാലും ഇത്തരത്തിലൊരു സ്ഥാപനം നാടിനും കാലത്തിനും ആവശ്യമാണ്. സൊസൈറ്റി ഭാരവാഹികളിൽ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നവർ ഇല്ല. അത്തരം നീക്കങ്ങൾ സൊസൈറ്റി അംഗീകരിക്കുകയുമില്ല. മന്ത്രി പുത്രിയുടെ സ്വാധീനമൊന്നും ഇല്ലെന്നും, അതെല്ലാം നിഴൽ യുദ്ധങ്ങൾ മാത്രമാണെന്നും, നാട്ടിൽ എന്ത് നല്ല കാര്യങ്ങൾ വരുമ്പോഴും സങ്കുചിതമായി ചിന്തിക്കുകയും, നിറം കലർത്തി നശിപ്പിക്കാൻ ശ്രമിക്കുന്നതും ആരുടെ ഭാഗത്ത് നിന്നായാൽപോലും ഭൂഷണമല്ലെന്നും ഭാരവാഹികൾ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *