മാഹി: തങ്ങളിലൊരാളെ ദുര്‍വിധി തുടര്‍ച്ചയായി പിന്‍തുടര്‍ന്നപ്പോള്‍, കൈമെയ് മറന്ന് സഹായിച്ചിരിക്കുകയാണ് ആറ്റാകുലോത്ത് കോളനിക്കാര്‍. പള്ളൂരില്‍ സര്‍ക്കാര്‍ പട്ടയം നല്‍കിയ രണ്ടര സെന്റിലെ കൂരയില്‍ താമസിച്ചു വന്ന മാധവി എന്ന ശാന്തേച്ചിക്ക് ബ്രയിന്‍ ടൂമര്‍ പിടിപെട്ടതോടെ അവരാകെ തളര്‍ന്നു പോയി. സഹായിക്കാന്‍ ആരോരുമില്ലാത്ത അവസ്ഥ. പരിസരവാസികളുടെ ഹൃദയവിശാലതയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് അവര്‍ക്ക് ശസ്ത്രക്രിയ നടത്താനായി. രോഗം ഭേദമായി തിരിച്ചെത്തിയപ്പോള്‍ വെയിലും മഴയുമേല്‍ക്കാതെ കയറിക്കിടക്കാന്‍ ഒരിടമില്ലാതായി.
ഇതോടെ നാട്ടുകാര്‍ കൈ കോര്‍ത്ത് അവര്‍ക്ക് ഒരു കൊച്ചു വീടും നിര്‍മ്മിച്ചു നല്‍കി. ഇല്ലായ്മയല്ല, ഐക്യമാണ് പ്രധാനം എന്ന് തെളിയിച്ച് നിര്‍മ്മിക്കപ്പെട്ട സ്‌നേഹ വീട് നാളെ രാവിലെ 9 മണിക്ക് മാഹി എം.എല്‍.എ രമേശ് പറമ്പത്ത് മാധവിയേടത്തിക്ക് കൈമാറുമ്പോള്‍ ആറ്റാകുലോത്ത് കോളനിവാസികളൊന്നടങ്കം ആത്മനിര്‍വൃതിയിലമരും.