നൂതന സാങ്കേതിക വിദ്യയുടെ കടന്നു വരവോടെ തൊഴില്‍ രംഗത്ത് വരുന്ന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് Y20 ബ്രെയിന്‍ സ്റ്റോര്‍മിങ് സെഷന്‍ മലബാര്‍ പാലസില്‍ സംഘടിപ്പിച്ചു. ഇന്ത്യ G20 ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുന്നതിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ യുവാക്കളുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും അറിയുവനായി രാജ്യത്തെ 50 നഗരങ്ങളില്‍ ഇത്തരത്തില്‍ സെമിനാറുകള്‍ നടത്തി വരികയാണ്. ‘തൊഴിലിന്റെ ഭാവി: വ്യവസായം, നൂതാശയങ്ങള്‍, 21-ആം നൂറ്റാണ്ടിനു വേണ്ട നൈപുനികള്‍’ എന്ന വിഷയത്തില്‍ വ്യത്യസ്ത മേഖലകളില്‍ നിന്നുമുള്ള പ്രഗല്‍ഭരായ യുവാക്കള്‍ സംസാരിച്ചു. സാങ്കേതിക വിദ്യ തൊഴില്‍ മേഖലകളില്‍ വരുത്തുന്ന പ്രത്യക്ഷവും പരോക്ഷവുമായ മാറ്റങ്ങളെ കുറിച്ചും, അവയെ പ്രയോജനകരമായി ഉപയോഗപ്പെടുത്തേണ്ട വഴികളെക്കുറിച്ചും സെഷനില്‍ ചര്‍ച്ച ചെയ്തു.
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം, കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള റിസര്‍ച്ച് ആന്‍ഡ് ഇന്‍ഫമേഷന്‍ സിസ്റ്റം ഫോര്‍ ഡെവലപിങ് കണ്‍ട്രിസ് (RIS) എന്നീ സ്ഥാപനങ്ങള്‍ മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സുമായി ചേര്‍ന്നാണ് കോഴിക്കോട് ശില്‍പശാല സംഘടിപ്പിച്ചത്. മാറ്റങ്ങള്‍ അത്യന്താപേക്ഷിതം ആണെന്നും അവയെ ഉള്‍കൊണ്ട് അവയോടെ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് യുവാക്കള്‍ ചെയ്യേണ്ടത് എന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കവെ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ് അഭിപ്രായപെട്ടു. ഐ.ഐ.എം കോഴിക്കോട് പ്രൊഫ. ഓംകുമാര്‍ കൃഷ്ണന്‍ അധ്യക്ഷനായ ബ്രെയിന്‍ സ്റ്റോര്‍മിങ് സെഷനില്‍ മീഡിയ ബോക്‌സ് ഓഫീസ് അഡ്വര്‍ടൈസിംഗ് സി.ഇ.ഒ സുമിത സുധാകര്‍, സെറോധ ബ്രോകിംഗ് ലിമിറ്റഡ് സി.ടി.ഒ കൈലാഷ് നാഥ്, ജന്‍ റോബോട്ടിക് ഇന്നോവേഷന്‍ സി.ഇ.ഒ വിമല്‍ ഗോവിന്ദ്, ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജിസ് സി.എഫ്.ഒ ഡീന ജേക്കബ്, വെഞ്ച്ചര്‍ വെ സ്റ്റാര്‍ട്ട്അപ് ഇകോസിസ്റ്റം മാനേജിംഗ് ഡയക്്ടര്‍ വിനയ് ജയിംസ് കൈനടി, പി.കെ സ്റ്റീല്‍ കാസ്റ്റിംഗ് ഡയറക്ടര്‍ തൗഫീഖ് അഹമ്മദ് മൊയ്തു എന്നിവര്‍ തങ്ങളുടെ മേഖലകളില്‍ തൊഴില്‍ രംഗത്ത് വരുന്ന പുതിയ സാധ്യതകളെയും പ്രശ്‌നങ്ങളെയും കുറിച്ച് വിശദമായി സംസാരിച്ചു. നിലവിലുള്ള തൊഴിലുകളിലും തൊഴില്‍ രീതികളിലും മാറ്റങ്ങള്‍ വരുമെങ്കിലും അതിനനുസരിച്ച് പുതിയ തൊഴില്‍ അവസരങ്ങളും ഉണ്ടാകും എന്നും ചര്‍ച്ചയില്‍ അഭിപ്രായപെട്ടു. തുടര്‍ന്ന് തൊഴില്‍, സാങ്കേതിക വിദ്യ, നൂതനാശയങ്ങള്‍ തുടങ്ങിയ മേഖലകളെ കുറിച്ചുള്ള മറ്റു പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കും പനേല്‍ മെമ്പര്‍മാര്‍ മറുപടി പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് എം.എ മെഹബൂബ്, വൈസ് പ്രസിഡന്റ് നിത്യാനന്ദ കാമത്ത്, RIS പ്രതിനിധി അലി സെയ്ത് എന്നിവര്‍ സംസാരിച്ചു.